ചട്ടഞ്ചാലിലെ പൂട്ടിയ ടാറ്റ കൊവിഡ് ആശുപത്രിയുടെ കണ്ടെയ്നറുകള്‍ സര്‍ക്കാർ സ്ഥാപനങ്ങള്‍ക്ക് സൗജന്യമായി നല്കുന്നു. ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രിയുടെ കെട്ടിടം നിര്‍മ്മിക്കാനാണ് കണ്ടെയ്നറുകൾ മാറ്റുന്നത്. 60 കോടിയിലേറെ മുടക്കിയ ആശുപത്രി പൊളിച്ചു നീക്കുന്നതിന്റെ മാനക്കേട് ഒഴിവാക്കാൻ കൂടിയാണ് പൊളിക്കുന്ന കണ്ടെയ്നറുകൾ ഉപയോഗപ്പെടുത്താൻ അധികൃതർ വഴി കണ്ടെത്തിയത്.
ജില്ലാ പഞ്ചായത്തിന് നടത്തിപ്പ് ചുമതല. ഇതിനായി സ്ഥിരം കെട്ടിടം നിര്‍മ്മിക്കാനാണ് കണ്ടെയ്നറുകള്‍ മാറ്റുന്നത്. ഇങ്ങനെ മാറ്റുന്നവ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും സൗജന്യമായി നല്‍കാനാണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം. ജില്ലാ നിർമിതി കേന്ദ്രം 4, ഹാർബർ എൻജിനീയറിങ് വകുപ്പ് 10, ഡിടിപിസി 4, വനംവകുപ്പ് 2, മത്സ്യഫെഡ് 4 എന്നിങ്ങനെ കണ്ടെയ്നറുകൾ ഇവിടെ നിന്ന് പൊളിച്ചു കൊണ്ടുപോകും.24 കണ്ടെയ്നറുകളാണ് ആദ്യ ഘട്ടത്തില്‍ മാറ്റുന്നത്. 45,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം സെപ്റ്റംബറില്‍ തുടങ്ങാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.