രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ച. സംഭവത്തിൽ അതൃപ്തി പരസ്യമാക്കി മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് രംഗത്തെത്തി. രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകോവിലിലുൾപ്പടെ ആദ്യമഴയിൽ തന്നെ ചോർച്ചയുണ്ടയതായി അദ്ദേഹം ആരോപിച്ചു. രാമക്ഷേത്രത്തിൻ്റെ നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ സംഭവത്തിൽ വിശദീകരണവുമായി അയോധ്യ ക്ഷേത്ര നിർമ്മാണ കമ്മറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര രംഗത്തെത്തി. ഈ ചോര്‍ച്ച പ്രതീക്ഷിച്ചതാണെന്നും ഗുരു മണ്ഡപം തുറസ്സായ സ്ഥലത്തായത് കൊണ്ടാണ് ഇത്തരത്തിൽ വെള്ളം എത്തിയതെന്നും അദ്ദേഹം പറഞ്ഞു.ശ്രീകോവിലിൽ ഡ്രെയിനേജ് ഇല്ല. തുറന്നുകിടക്കുന്ന മണ്ഡപങ്ങളിലേക്ക് ചിലപ്പോൾ മഴവെള്ളം വീഴാം. എന്നാൽ നഗർ ആർക്കിടെക്ചർ രീതി പ്രകാരം ഇത് തുറന്നു തന്നെയിടാനാണ് തീരുമാനം. അല്ലാതെ ക്ഷേത്രത്തിൻ്റെ രൂപകൽപനയിലോ, നിർമ്മാണത്തിലോ പാളിച്ചകൾ വന്നിട്ടില്ലെന്ന് നൃപേന്ദ്ര മിശ്ര പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.