ദേശീയപാതയില്‍ മാടവനയില്‍ ബൈക്ക് യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ അപകട കാരണം കല്ലട ബസിന്റെ അമിത വേഗമെന്ന് നിഗമനം. മഴ പെയ്ത് നനഞ്ഞുകിടന്ന റോഡില്‍ പെട്ടെന്ന് ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. ബസിന്റെ പിൻഭാഗത്ത് ടയറിന് തേയ്മാനം ഉണ്ടായിരുന്നെന്ന് എംവിഡി കണ്ടെത്തി. മഴ അപകടത്തിന്റെ ആഘാതം കൂട്ടിയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
അപകടത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, അപകടകരമാംവിധം വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബസ് അമിതവേഗതയിലായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നെങ്കിലും എംവിഡി അത് തള്ളിയിരുന്നു. ബെംഗ്ലൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോകുന്ന ബസായിരുന്നു അപകടത്തിനിടയായത്.അമിത വേഗത്തിലെത്തിയ ബസ് മാടവനയ്ക്ക് സമീപം ചുവന്ന സിഗ്നല്‍ തെളിഞ്ഞപ്പോള്‍ സഡന്‍ ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇതോടെ നിയന്ത്രണം വിട്ട് തെന്നി ട്രാഫിക് സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ച് ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. ജിജോയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.