തിരുവനന്തപുരം: ലക്ഷങ്ങളുടെ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ ബെവ്കോ റീജിയണല്‍ മാനേജരെ സസ്പെന്റ് ചെയ്തു. 65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബെവ്കോ റീജിയണല്‍ മാനേജര്‍ കെ റാഷയെ സസ്പെന്റ് ചെയ്തത്. മദ്യക്കമ്പനികളില്‍ നിന്ന് വാങ്ങിയ പ്രതിഫലമാണ് ഈ അനധികൃത സ്വത്ത് എന്ന വിലയിരുത്തലിലാണ് വിജിലന്‍സ്.
ബെവ്കോയിലെ ഉയര്‍ന്ന പദവിയാണ് റീജിയണല്‍ മാനേജറുടേത്. നേരത്തെ പെരിന്തല്‍മണ്ണയിലും നിലവില്‍ തിരുവനന്തപുരത്തും റീജിയണല്‍ മാനേജറായ കെ റാഷയ്ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ അന്വേഷണവും നടത്തി. മൂന്ന് മാസം മുമ്പ് റാഷയുടെ മലപ്പുറത്തെ വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. തുടര്‍ച്ചയായ പരിശോധനയിലാണ് റാഷ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും 65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയത്.
വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് ബെവ്കോ എംഡി റാഷയെ സസ്പെന്റ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ബെവ്കോയിലെ ഉന്നത ഉദ്യോഗസ്ഥരില്‍ ചിലര്‍ മദ്യക്കമ്പനികളില്‍ നിന്ന് പണം വാങ്ങി ചില കമ്പനികളുടെ മദ്യം വില്ക്കാന് സഹായിക്കുന്നതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ഇങ്ങനെയൊരു ആരോപണം തെളിയിക്കാനും ബുദ്ധിമുട്ടാണ്. അതിനിടയിലാണ് റീജിയണല്‍ മാനേജറുടെ അനധികൃത സ്വത്ത് വിജിലന്‍സ് കണ്ടെത്തിയത്. ആകെ ഒരു കോടി 14 ലക്ഷം രൂപയുടെ സ്വത്താണ് റാഷയ്ക്ക് ഉള്ളത്. ഇതില്‍ 48 ലക്ഷം രൂപയുടെ സ്വത്ത് മാത്രമാണ് റാഷയ്ക്ക് നിയമാനുസൃതമായി ഉള്ളതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കി 65 ,32,000 രൂപ റാഷ അനധികൃതമായി ഉണ്ടാക്കിയ സ്വത്താണെന്ന് വിജിലന്‍സ് കണ്ടെത്തി.
മദ്യക്കമ്പനികളില്‍ നിന്ന് പണം വാങ്ങിയാല്‍ ആ കമ്പനികളെ സഹായിക്കാന്‍ ഒരു റീജിയണല്‍ മാനേജര്‍ക്ക് എളുപ്പം കഴിയും. പക്ഷേ തെളിവുകള്‍ കിട്ടാത്ത ഇടപാടുകളായതിനാല്‍ പലപ്പോഴും പലരും പിടിക്കപ്പെടാറുമില്ല. അനധികൃത സ്വത്ത് സമ്പാദനം രേഖകള്‍ സഹിതം പിടികൂടിയതിനാലാണ് റാഷ കുടുങ്ങിയത്.