തിരുവനന്തപുരം: കോഴ നല്‍കാനായി പിരിച്ചുവെന്ന് പറയുന്ന പണം എവിടെയാണെന്നോ ആര് പിരിച്ചെന്നോ പോലീസ് അന്വേഷിക്കട്ടെയെന്നും തനിക്കതില്‍ പങ്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് അര്ജുന് പറഞ്ഞു. ബാര്‍കോഴ വിവാദവുമായി ബന്ധമില്ല, ഭാര്യാപിതാവിന് ബാറുണ്ട്.അഞ്ചരവര്‍ഷം മുന്‍പ് അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തിന്റെ നമ്പറാകാം വാട്സാപ് ഗ്രൂപ്പില്‍ ഉള്ളത് അതിനപ്പുറം കോഴവിവാദവുമായി ബന്ധമില്ലെന്നും താനുപയോഗിക്കുന്ന ഔദ്യോഗിക നമ്പറോ, സ്വകാര്യ നമ്പറോ അതിലില്ലെന്നും അര്ജുന് രാധാകൃഷ്ണന് പറഞ്ഞു.
വെള്ളിയാഴ്ച ജവഹര്‍നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.തിങ്കളാഴ്ച തിരുവനന്തപുരത്തെ വീട്ടിലെത്തി നോട്ടീസ് നല്കാന് ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും കൈപ്പറ്റാന്‍ അര്ജുന് കൂട്ടാക്കിയില്ല. നേരിട്ട് കൈപ്പറ്റാത്തതിനാല്‍ ഇ- മെയില്‍ വഴിയാണ് നോട്ടീസ് അയച്ചത്. തന്റെ പേരില്‍ ബാറുകളില്ലെന്നും നടത്തിപ്പില്ലെന്നും പറഞ്ഞാണ് അര്ജുന് നോട്ടീസ് കൈപ്പറ്റാന്‍ വിസ്സമതിച്ചത്. എന്നാല്‍, വാട്സാപ്പ് ഗ്രൂപ്പില്‍ അര്ജുന് തുടരുന്നതിനാലാണ് നോട്ടീസ് നല്‍കിയത്. ശബ്ദരേഖ ചോര്‍ന്നതില്‍ ഗൂഢാലോചനയുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.