അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ മരിച്ച സംഭവത്തിൽ പൊലീസിൻ്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. തീപിടുത്തത്തിന് കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്ക് ആയതെന്ന് പ്രാഥമിക നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട് നൽകും. ഇതിനിടെ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി.
ശരീരത്തിലെ രാസവസ്തുക്കളുടെ സാന്നിധ്യം പരിശോധിക്കാൻ സ്കിൻ സാമ്പിൾ ലബോറട്ടറിയിലേക്ക് അയയ്ക്കുന്നു. ബോധം പോയത് കൊണ്ടാകാം രക്ഷപ്പെടാൻ കഴിയാതിരുന്നതെന്നാണ് സൂചന.
വ്യവസായിയായ ബിനീഷ് കുര്യന്, ഭാര്യ അനു, മക്കളായ ജോവാന ബിനീഷ്, ജെസ്വിന് ബിനീഷ് എന്നിവരാണ് മരിച്ചത്. വീടിന്റെ താഴത്തെ നിലയിൽ ബിനീഷിന്റെ അമ്മയാണുണ്ടായിരുന്നത്. ഇവർ പുലർച്ചെ പ്രാർഥനയ്ക്കായി എണീറ്റപ്പോൾ തന്നെ മുകളിൽ തീ പടരുന്നത് കണ്ടിരുന്നു. തുടർന്ന് ഇവർ നിലവിളിച്ചെങ്കിലും പുലർച്ചെയായതിനാൽ പരിസരത്തൊന്നും അധികം ആളുണ്ടായിരുന്നില്ല.തുടർന്ന് വീട്ടിൽ സഹായത്തിന് നിൽക്കുന്ന യുവാവിനെ വിളിച്ച് ഇരുവരും ചേർന്ന് വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചു, പക്ഷേ അപ്പോഴേക്കും മുകൾ നിലയിൽ മുഴുവൻ തീ പടർന്നിരുന്നു.മരിച്ച നാല് പേരെ കൂടാതെ അമ്മയും ബിനീഷിന്റെ കൃഷി നോക്കി നടത്തുന്ന അതിഥി തൊഴിലാളിയുമാണ് വീട്ടിലുണ്ടായിരുന്നത്.