തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ബിആര്‍പി ഭാസ്കര്‍ അന്തരിച്ചു. 93 വയസായിരുന്നു.വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാധ്യമജീവിതത്തിന്റെ റിട്ടയര്‍മെന്റ് കാലത്തും ഒട്ടേറെ പത്രങ്ങളിലും മാഗസിനുകളിലും കോളങ്ങള്‍ എഴുതി സജീവമായിയിരുന്നു ബിആര്‍പി.
നവഭാരതം പത്രം ഉടമ എകെ ഭാസ്കറിന്റെയും മീനാക്ഷിയുടെയും മകനായി കൊല്ലം കായിക്കരയിലാണു ബാബു രാജേന്ദ്രപ്രസാദ് എന്ന ബിആര്‍പി ഭാസ്കറുടെ ജനനം. മകന് ഈ രംഗത്തു വരുന്നതില്‍ അച്ഛനു താല്പര്യമില്ലായിരുന്നു. ‘നവഭാരത’ത്തില്‍ അച്ഛന് അറിയാതെ അപരനാമത്തില്‍ വാര്‍ത്തയെഴുതിയാണു പത്രപ്രവര്‍ത്തന തുടക്കം. ദി ഹിന്ദു, സ്റ്റേറ്റ്സ്മാന്, പേട്രിയേറ്റ്, ഡെക്കാന്‍ ഹെറാള്‍ഡ് തുടങ്ങിയ പത്രങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും ബിആര്‍പി സേവനമനുഷ്ഠിച്ചു.
ബംഗ്ലദേശ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മുജീബുല്‍ റഹ്മാനുമായുള്ള അഭിമുഖം, ഡോ. ഹര്‍ഗോവിന്ദ് ഖുറാന നൊബേല്‍ സമ്മാനം നേടിയ വാര്‍ത്ത, അടിയന്തരാവസ്ഥക്കാലത്തു ശ്രീനഗറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ബിആര്‍പിയെ ഈ രംഗത്ത് അടയാളപ്പെടുത്തി. മാധ്യമ മേഖലയിലെ മികവിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കന്ന പരമോന്നത പുരസ്കാരമായ സ്വദേശാഭിമാനി കേസരി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ബിആര്‍പി ഭാസ്കറിന്റെ ന്യൂസ് റൂമിന് മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.