കാറിനുള്ളില്‍ സ്വിമ്മിങ് പൂള് സജ്ജീകരിച്ച് യാത്ര നടത്തിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ എംവിഡി കുറ്റപത്രം സമർപ്പിച്ചു. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ എൻഫോഴ്സ്മെന്റ് ആർടിഓ ആണ് കുറ്റപത്രം നല്‍കിയത്. സഞ്ജുവും കാർ ഓടിച്ച സൂര്യനാരായണനുമാണ് കേസിൽ പ്രതികള്‍.ആറ് മാസം മുതൽ ഒരുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയിൽ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
കാർ ഇന്നലെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ സഞ്ജു ടെക്കി ആർടിഒയുടെ ശിക്ഷ നടപടിയെ പരിഹസിച്ചു വിഡിയോ ഇട്ടത് വിവാദമായിരുന്നു.കേസെടുത്തതിന് ശേഷം തന്റെ യുട്യൂബ് ചാനലിന് ലോകം മുഴുവൻ റീച്ച് കിട്ടിയെന്നും 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത പ്രശസ്തി കിട്ടിയതിന് എല്ലാവര്ക്കും നന്ദിയുണ്ടെന്നും വിഡിയോയിൽ പറയുന്നുണ്ട്. ഇങ്ങനെ ശിക്ഷാനടപടികളെ പരിഹസിച്ചതിൽ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കാൻ ഹൈക്കോടതി ആർടിഒയോട് നിർദ്ദേശിച്ചിരുന്നു.തുടക്കത്തിൽ കാറിൽ സ്വിമ്മിംഗ് പൂൾ തയ്യാറാക്കി പൊതുനിരത്തിൽ ഓടിച്ച യൂട്യൂബർ സഞ്ജു ടെക്കിക്കും കൂട്ടുകാര്‍ക്കുമെതിരെ ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ നടപടിയെടുത്തിരുന്നു.വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും വാഹനം ഓടിച്ച ഇയാളുടെ സുഹൃത്തിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്യുകയുമായിരുന്നു.