മുസ്ലിംകൾക്കെതിരായ വിദ്വേഷ പരാമർശത്തിൽ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.താൻ മുസ്ലിംകളെ കുറിച്ച് മാത്രമല്ല, എല്ലാ ദരിദ്ര കുടുംബങ്ങളെ കുറിച്ചുമാണ് സംസാരിച്ചതെന്നും നരേന്ദ്രമോദി പറഞ്ഞു. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഏറെ വിവാദമായ പരാമർശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. താൻ പ്രവർത്തിക്കുന്നത് വോട്ട് ബാങ്കിനായല്ലെന്നും എല്ലാ വിഭാഗങ്ങളുടെയും പുരോഗമനത്തിനായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംകളോടുള്ള തന്റെ സ്നേഹം താൻ മാർക്കറ്റ് ചെയ്യാറില്ലെന്ന് മോദി പറഞ്ഞു. “ഞാൻ വോട്ട് ബാങ്കിന് വേണ്ടിയല്ല പ്രവർത്തിക്കുന്നത്. സബ്കാ സാഥിലും സബ്കാ വികാസിലും ഞാൻ വിശ്വസിക്കുന്നു.”-പ്രധാനമന്ത്രി മോദി പറഞ്ഞു.ദാരിദ്ര്യമുള്ളിടത്ത് കൂടുതൽ കുട്ടികളുണ്ടാകും. ഞാൻ ഹിന്ദു എന്നോ മുസ്ലിം എന്നോ പരാമർശിച്ചിട്ടില്ല. ഒരാൾക്ക് പരിപാലിക്കാൻ കഴിയുന്ന അത്ര കുട്ടികളാണ് ഉണ്ടാകേണ്ടത്. നിങ്ങളുടെ കുട്ടികളെ സർക്കാർ പരിപാലിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നാണ് ഞാൻ പറഞ്ഞത്’; മോദി വ്യക്തമാക്കി. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംകൾ താങ്കൾക്ക് വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് രാജ്യത്തെ ജനങ്ങൾ വോട്ട് ചെയ്യുമെന്നുമായിരുന്നു മോദിയുടെ മറുപടി. ഞാൻ ഹിന്ദു-മുസ്ലിം എന്ന് തുടങ്ങുന്ന ദിവസം, പൊതു മണ്ഡലത്തിൽ നിൽക്കാൻ എനിക്ക് അർഹതയില്ല. ഞാൻ ഹിന്ദു-മുസ്ലിം എന്ന് പറയില്ലെന്നും ഇതാണ് തൻ്റെ പ്രതിജ്ഞയെന്നും മോദി പറഞ്ഞു.