സൂറിക്: സ്വിറ്റ്സര്‍ലന്‍ഡില്‍ വീണ്ടും കമ്മ്യുണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. ബേണിലെ ബുര്‍ഗ്ഡോര്‍ഫില്‍ നടന്ന പാര്‍ട്ടി രൂപീകരണ കണ്‍വെന്‍ഷനില്‍ 342 പ്രതിനിധികള്‍ പങ്കെടുത്തു. മൂന്നു ദിവസം നീണ്ടു നിന്ന സമ്മേളനത്തിനൊടുവിലാണ് റവലൂഷനറി കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് സ്വിറ്റ്സര്‍ലന്‍ഡിന് (ആര്‍കെപി) രൂപം നല്‍കിയതായി പ്രഖ്യാപനമുണ്ടായത്. ആദ്യ പാര്‍ട്ടി കോണ്‍ഗ്രസായാണ് രൂപീകരണ സമ്മേളനത്തെ ആര്‍കെപി വിലയിരുത്തുന്നത്. ദേര്‍സു ഹെരിയെ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുത്തു.
യൂണിവേഴ്സിറ്റി വിദ്യാര്ഥികഴ് ഉള്‍പ്പെടെയുള്ള യുവാക്കളായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രതിനിധികളില്‍ ഭൂരിപക്ഷവും. സാമ്രാജ്യത്വം, പണപ്പെരുപ്പം, കാലാവസ്ഥ പ്രതിസന്ധി, പലസ്തീന് പ്രശ്നം എന്നിവയായിരുന്നു സമ്മേളനത്തിലെ പ്രധാന വിഷയങ്ങള്‍. സ്വിസ് യൂണിവേഴ്സിറ്റികളില്‍ നടക്കുന്ന പലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്കുവാനും, പ്രതിഷേധം ഉര്‍ജ്ജിതമാക്കുവാനും പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെടുത്തു.
1921 ലാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ കമ്യുണിസ്റ്റ് പാര്‍ട്ടി പിറക്കുന്നത്. 1940 ല്‍ സ്വിസ് സര്‍ക്കാര്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയെ നിരോധിക്കുമ്പോള്‍ ആറായിരത്തോളം മെമ്പര്‍മാരായിരുന്നു പാര്‍ട്ടിക്കുണ്ടായിരുന്നത്. നിരോധനത്തിനെതിരെ പാര്‍ട്ടി പരമോന്നത കോടതിയെ സമീപിച്ചെങ്കിലും, നിരോധനം കോടതിയും ശരിവയ്ക്കുകയായിരുന്നു. പലസ്തീന് അനുകൂലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മുന്നേറ്റങ്ങളുമായി സഹരിക്കുന്നത് ലക്ഷ്യം വച്ച് പാര്‍ട്ടിയുടെ അടുത്ത സമ്മേളനം ജൂണ്‍ 10 മുതല്‍ 15 വരെ ചേരും.