കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കോവിൻ സർട്ടിഫിക്കറ്റുകളിൽ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ ചിത്രം വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും നീക്കിയതെന്നാണ് വിശദീകരണം.നേരത്തെ കൊവിഡ് സർട്ടിഫിക്കറ്റിൽ മോദി ചിത്രം നൽകുന്നതിനെതിരെ വലിയ പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നുവെങ്കിലും കേന്ദ്ര സർക്കാർ തള്ളിക്കളയുകയായിരുന്നു.
കോവിഷീല്‍ഡ് വാക്സിന് രക്തം കട്ടപിടിക്കുന്നതുൾപ്പെടെയുള്ള അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകാമെന്ന് നിര്‍മാതാക്കള്‍ തന്നെ സമ്മതിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദി അപ്രത്യക്ഷമായത്.കൊവിഷീൽഡ് വാക്സീനെടുത്ത അപൂർവ്വം ചിലരിൽ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്പോസിസ് വിത്ത് ത്രോന്പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യു.കെയിലെ കോടതിയെ അറിയിച്ചത്.