തിരുവനന്തപുരം: തലസ്ഥാനത്ത് നഗരസഭയക്ക് മുന്നില്‍ മേയറെ പരിഹസിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതീകാത്മക സമരം. കെഎസ്ആര്‍ടിസി ഡ്രൈവറും മേയര്‍ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തര്ക്കത്തേതുടര്ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി നഗരസഭക്ക് മുന്നിലെത്തിയത്. നഗരസഭയ്ക്ക് മുന്നിലൂടെ പോകുന്ന കെഎസ്ആര്‍ടിസി ബസ്സുകളില്‍ മേയര്‍ക്കെതിരായ പോസ്റ്ററുകള്‍ പതിച്ചാണ് പ്രതിഷേധം.
മേയറുണ്ട് ഓവര്‍ ടേക്കിങ് സൂക്ഷിക്കുക എന്ന പോസ്റ്ററാണ് ബസ്സിന് മുന്നില്‍ പതിക്കുന്നത്. മേയറും കുടുംബവും യാത്ര ചെയ്യുന്ന വാഹനം കണ്ടാല്‍ വണ്ടി ഒതുക്കിയിട്ട് അവര്‍ക്ക് പോകാന്‍ അവസരം നല്‍കുക, ഓവര്‍ ടേക്ക് ചെയ്യരുത്, മേയറും കുടുംബവും സമാധാനത്തോടെ സഞ്ചരിക്കട്ടെ, അത്തരമൊരു സാഹചര്യമുണ്ടായാല്‍ തന്നെ ശമ്പളം ചോദിക്കരുത് എന്നുമാണ് യൂത്ത് കോണ്ഗ്രസ്സുകാര് ഡ്രൈവര്‍മാര്‍ക്ക് നല്കുന്ന ഉപദേശം.
മേയര്‍ക്കെതിരെ ഡ്രൈവര്‍ നല്കിയ പരാതിയില്‍ കേസെടുക്കാത്തതില്‍ അതിശക്തമായ സമരം നടത്തുമെന്നും മേയറും ഭര്‍ത്താവും നടത്തുന്ന റോഡ് ഷോ പ്രതിരോധിക്കുമെന്നും ഡ്രൈവര്‍ യദുവിന് നീതി കിട്ടും വരെ പോരാടുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.