തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എന്‍.ഡി.എയ്ക്ക് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കും. ഇവിടുത്തെ മൂന്ന് മുന്നണികളും ന്യൂനപക്ഷങ്ങളെ മതിയെന്ന് പറയുന്നതാണ് ഇതിന്റെ കാരണം. ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടി അവര്‍ പരസ്പരം മത്സരിച്ചതിനാല്‍ ഭൂരിപക്ഷ സമുദായത്തിന്റെ വികാരം ഇത്തവണ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
തൃശ്ശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി ജയിക്കില്ല. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനല്ല. അദ്ദേഹമൊരു സിനിമാക്കാരനാണ്. രാഷ്ട്രീയ അടവുനയവും മെയ്വഴക്കവും അദ്ദേഹത്തിന് ഇല്ലാത്തതിന്റെ എല്ലാ പ്രശ്നവും തൃശ്ശൂരില്‍ സംഭവിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തുഷാറിനോട് മത്സരിക്കേണ്ടെന്ന് താന്‍ പറഞ്ഞതാണ്. അദ്ദേഹത്തിന് ഈഴവ വോട്ടുകള്‍ ലഭിക്കാനുള്ള സാധ്യതയില്ല. അങ്ങിനെ രക്ഷപ്പെടാന്‍ സാധിക്കാതെ വന്നവരാണ് രാജീവ് ചന്ദ്രശേഖറും തുഷാര്‍ വെള്ളാപ്പള്ളിയും. രാജീവിന് ബെംഗളൂരുവില്‍ മത്സരിക്കാനായിരുന്നു താത്പര്യം. കേന്ദ്രത്തില്‍ നിന്ന് തീരുമാനിച്ചാല്‍ മറിച്ച് പറയാനാകില്ലെന്നും ഇരുവരും തന്നോട് പറഞ്ഞിരുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.