ഇടുക്കി : തുടക്കം മുതലുള്ള ആവേശം ഒട്ടും ചോരാതെ തന്നെ കൊട്ടിക്കലാശം പൂർത്തിയാക്കി യുഡിഎഫ്.
നാല്പത് ദിവസങ്ങൾ നീണ്ട പ്രചാരണചൂടിന് അവസാനമായാണ് യുഡിഎഫിന്റെ കൊട്ടിക്കലാശം ഇന്നലെ സമാപിച്ചത്. വൈകിട്ട് 3 മണി മുതൽ കൊട്ടിക്കലാശം നടക്കുന്ന ഗാന്ധി സ്ക്വയറിൽ പ്രവർത്തകർ എത്തി.
യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യൂത്ത് ഫ്രണ്ട് പ്രവർത്തകരാണ് യുഡിഎഫ് കൊട്ടിക്കലാശം കൊഴുപ്പിച്ചത്. നൂറു കണക്കിന് പ്രവർത്തകരാണ് ഇവിടെ എത്തി ചേർന്നത്.
യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് കൊട്ടിക്കലാശത്തിൽ എത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. യുഡിഎഫ് സ്ഥാനാർഥിയും നേതാക്കളും വാഹനത്തിന്റെ മുകളിൽ കയറി നിന്ന് അഭിവാദ്യം ചെയ്ത് പ്രവർത്തകർക്ക് ആവേശം പകർന്നു.
താഴെ തട്ടിലെ ചിട്ടയായ പ്രവർത്തനങ്ങളും ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണയും മികച്ച ഭൂരിപക്ഷത്തിൽ വിജയം കൊണ്ടുവരുമെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.