വധശിക്ഷ കാത്ത് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദു റഹീമിന്റെ മോചനത്തിനായുള്ള ധനസമാഹരണം 34 കോടി പൂര്‍ത്തിയായി. മലയാളി ചേര്‍ന്നുനിന്നപ്പോള്‍ 34കോടി പത്തര മാറ്റില്‍ വീണ്ടും ഒരുറിയല് കേരളസ്റ്റോറികൂടി പുറത്തുവന്നു. ഒപ്പം പതിനെട്ടുകൊല്ലമായി സ്വന്തം മകന്റെ മടങ്ങിവരവിനായി കണ്ണീരാല്‍ കാത്തിരുന്ന ഉമ്മയ്ക്ക് ആശ്വാസവും.
ഏപ്രില്‍ പതിനാറിനാണ് റഹീമിന്റെ വധ ശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്. ദിവസങ്ങളോളം പിരിവെടുത്തിട്ടും രണ്ട് ദിവസം മുമ്പ് വരെ മുപ്പത് കോടിയോളം രൂപ പിന്നെയും ആവശ്യമായിരുന്നു.
അബ്ദുല്‍ റഹീമിന്റെ മോചനത്തിന് ആവശ്യമായ തുക സമാഹരിക്കാന്‍ അല്പം കൂടി സമയം നീട്ടി നല്കാന് റഹീമിന്റെ കുടുബം ശ്രമം നടത്തിയിരുന്നു.
ഫാത്തിമ ഉമ്മയുടെ കണ്ണീര് കണ്ട് ഒരൊറ്റ ലക്ഷ്യവുമായി മനുഷ്യര്‍ മുഴുവന്‍ തെരുവിലിറങ്ങി.
ബോബി ചെമ്മന്നൂര്‍ പിരിവിന് നേതൃത്വം നല്കി. ടൊവിനോ തോമസ് പിന്തുണ നല്കി. സന്നദ്ധ സംഘടനകള്‍ ബക്കറ്റുമായി ഓടിനടന്നു. നിമിഷ നേരങ്ങള്‍ കൊണ്ട് ആ ഉമ്മ ഓരോരുത്തരുടെയും ഉമ്മയായി. അബ്ദുല്‍ റഹീം ഓരോരുത്തരുടെയും സഹോദരനായി. ഏപ്രില്‍ പതിനഞ്ചിനാണ് പണം സമാഹരിക്കാനായുള്ള അവസാന തീയ്യതി നിശ്ചയിച്ചത്. വധശിക്ഷ നടപ്പിലാക്കാന്‍ ഇനിയും മൂന്ന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഇന്നിതാ 34 കോടി എന്ന അത്ഭുത സംഖ്യ നമ്മള് തൊട്ടിരിക്കുന്നു. ആ വാര്‍ത്ത കാണുമ്പോള്‍ കണ്ണുകള്‍ നിറയുന്നുണ്ട്.
നിങ്ങള്‍ക്ക് ചുറ്റും കാരുണ്യത്തിന്റെ മാലാഖമാര്‍ ചിറകുവിരിച്ച് നില്‍ക്കുന്നുണ്ടെന്ന് ഒരിക്കല്‍കൂടി മലയാളി തെളിയിച്ചു. എത്രയൊക്കെ വെറുപ്പുകള്‍ സൃഷ്ടിച്ചാലും ആ വെറുപ്പിനെയൊക്കെ നന്മകള് തകര്‍ത്തെറിയുകതന്നെ ചെയ്യുമെന്ന കാലത്തിന്റെ സാക്ഷ്യപെടുത്തലായി അബ്ദു റഹീമിനായുള്ള ഒത്തുകൂടല്‍.
തന്റെ 26 -ാം വയസ്സില്‍ 2006 ലാണ് അബ്ദുള്‍ റഹീമിനെ സൗദി ജയിലില്‍ അടക്കുന്നത്. ഡ്രൈവര്‍ വിസയിലായിരുന്നു ഇവിടെയെത്തിയത്. സ്പോണ്സര് ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന് അല്‍ ഷഹ്രിയുടെ മകന് അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചു.
അബദ്ധത്തില്‍ അബ്ദുറഹീമിന്റെ കൈ കഴുത്തിലെ ജീവന്‍രക്ഷാ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് കൊലപാതകക്കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. പിന്നീട് അബ്ദു റഹീമിന് മുന്നില്‍ തെളിഞ്ഞത് മരണമാണ്. ഒരു ഉമ്മക്കും കുടുംബത്തിനും മുന്നില്‍ വെല്ലുവിളിയായത് മകനെ രക്ഷിക്കാനുള്ള ജീവന് മരണ പോരാട്ടം. 18 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം വധശിക്ഷ നടപ്പിലാക്കാനിരിക്കയാണ് മോചനം സാധ്യമാകുന്നത്.