തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ബിമല്‍ റോയ് അന്തരിച്ചു. 52 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ രോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്ക്കാരം നാളെ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റായിരുന്ന ബിമല്‍ റോയ് ദീര്‍ഘനാള്‍ ചെന്നൈയിലെ ഏഷ്യാനെറ്റ് ന്യൂസിന്റെ മുഖമായിരുന്നു. തമിഴ് രാഷ്ട്രീയനേതാക്കളുമായും സിനിമാതാരങ്ങളുമായി അടുത്ത ബന്ധം. തമിഴകത്തെ ഓരോ ചലനങ്ങളും പ്രമുഖരുടെ പ്രതികരണങ്ങളുമെല്ലാം ദേശീയമാധ്യമങ്ങള്‍ക്ക് മുമ്പേ ഏഷ്യാനെറ്റ് ന്യൂസിലൂടെ ബിമല്‍ നല്കിക്കൊണ്ടിരുന്നു. തിരുവനന്തപുരത്തേക്ക് മടങ്ങിയ ബിമല്‍ റോയ് സെന്‍ട്രല്‍ ഡെസ്കില്‍ ഏറെ നാള് റിസര്‍ച്ച് വിഭാഗത്തിലായിരുന്നു.
ക്യാന്‍സര്‍ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും മഹാരോഗത്തോട് പൊരുതി ഏറെനാള്‍ മുന്നോട്ട് പോയി. ഇന്ന് രാവിലെ ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തിരുവനന്തപുരത്ത് കനകനഗറിലാണ് വീട്. വീണാ ബിമല്‍ ആണ് ഭാര്യ, ലക്ഷ്മി റോയിയാണ് മകള്‍.