ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. മകന്റെ പരീക്ഷ അടക്കം ചൂണ്ടിക്കാട്ടിയാണ് കവിത കോടതിയെ സമീപിച്ചത്.
കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന് കവിതയ്ക്ക് വേണ്ടി അഭിഭാഷകന് വാദിച്ചിരുന്നു. കവിതയ്ക്ക് ജാമ്യം നല്‍കുന്നത് നിലവില്‍ നടക്കുന്ന അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്നായിരുന്നു ഇഡി വാദം. തെളിവുകള്‍ നശിപ്പിക്കും സാക്ഷികളെ സ്വാധീനിക്കും തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തി ഇടക്കാല ജാമ്യത്തെ ഇഡി എതിര്‍ക്കുകയായിരുന്നു. സ്ഥിരം ജാമ്യം തേടി കവിത നല്കിയ ഹര്‍ജി ഏപ്രില്‍ 20ന് കോടതി പരിഗണിക്കും. നിലവില്‍ ചൊവ്വാഴ്ച വരെയാണ് കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.