കട്ടപ്പന : കട്ടപ്പനയിൽ അനുവദിച്ച പുതിയ ഇ.എസ്.ഐ. ആശുപത്രിയുടെ ടെൻഡർ നടപടികൾ തുടങ്ങി. 150 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ അനുവദിച്ചതെന്ന് ഡീൻ കുര്യാക്കോസ് അറിയിച്ചു.100 ബെഡ് ഉള്ള ആശുപത്രി കെട്ടിടത്തോടൊപ്പം 32 സ്റ്റാഫ് ക്വാർട്ടേഴ്സ് കൂടി നിർമ്മിക്കുന്നതിനുള്ള തുകയാണ് അനുവദിച്ചിട്ടുള്ളത്. കട്ടപ്പന നഗരസഭ വിട്ടു നൽകിയ 4.6 ഏക്കർ സ്ഥലത്താണ് പുതിയ ആശുപത്രി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും വരുന്നത്.
ടെൻഡർ ഓൺലൈൻ ആയി ക്ഷണിച്ചു തുടങ്ങി. അടുത്ത മാസം 17 വരെ ടെൻഡർ നൽകാം. മലയോര മേഖലയിലെ തൊഴിലാളികൾക്കും സാധാരണക്കാർക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്തുന്നതിന് സഹായകരമായ പദ്ധതിയാണ് ഇത്. 2 വർഷങ്ങൾക്കുള്ളിൽ തന്നെ പദ്ധതി പൂർത്തികരിച്ചു ഭാവിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ആയി ഉയർത്തുന്നതിനും സാധിക്കും. ഡീൻ കുര്യാക്കോസ് മുൻകൈ എടുത്താണ് പദ്ധതി മണ്ഡലത്തിൽ അനുവദിച്ചത്.
ഇ.എസ്.ഐ പരിരക്ഷ ലഭിക്കുന്ന നിരവധി തൊഴിലാളികള്‍ ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൻ്റെ പരിധിയിലുണ്ട്. എന്നാൽ ആശുപത്രി ഇല്ലാത്തതിനാല്‍ തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ഉപയോഗപ്പെടുത്താൻ സാധിച്ചിരുന്നില്ല. ഇ.എസ്.ഐയിൽ ഇൻഷ്വർ ചെയ്ത 18000 വ്യക്തികൾ ആണ് ഇടുക്കി ജില്ലയിൽ മാത്രം ഉള്ളത്. മലയോര മേഖലകളിൽ കുറഞ്ഞത് 15000 ഇൻഷ്വർ ചെയ്ത വ്യക്തികൾ ഉണ്ടെങ്കിൽ പുതിയ ആശുപത്രി അനുവദിക്കാമെന്ന് തൊഴിൽ മന്ത്രാലയം ഡീൻ കുര്യാക്കോസിന് മറുപടി നൽകിയിരുന്നു.
ഇ.എസ്.ഐയിൽ ഇൻഷ്വർ ചെയ്ത വ്യക്തിയുടെ കുടുംബത്തിൽ ഉൾപ്പെട്ട അഞ്ച് അംഗങ്ങൾക്ക് ഇനി മികച്ച ചികിത്സ ലഭിക്കും. എല്ലാ വിഭാഗം ചികിത്സയും പുതിയതായി ആരംഭിക്കുന്ന ആശുപത്രിയിൽ ലഭ്യമാക്കും. ഇ.എസ്.ഐ കോർപ്പറേഷൻ ആണ് ആശുപത്രി കെട്ടിട നിർമ്മാണത്തിന് തുക അനുവദിച്ചത്.അടിയന്തിര ചികിത്സ വിഭാഗം, ഫാർമസി, കിടക്കകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാകും. വാർഡുകൾ, മറ്റു ചികിത്സ വിഭാഗങ്ങൾ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിലും ഉടൻ തന്നെ അന്തിമ തീരുമാനമാകുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.