അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ. 323 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഓസീസ് അഞ്ചാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ആറിന് 186 എന്ന നിലയിലാണ്. ഇന്ന് രണ്ട് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ട്രോവിഡ് ഹെഡ് (14), ഷോണ്‍ മാര്‍ഷ് (60) എന്നിവരുടെ വിക്കറ്റുകളാണ് വീണത്. ടിം പെയ്ന് (40), പാറ്റ് കമ്മിന്‍സ് (5) എന്നിവരാണ് ക്രീസില്‍. ഇശാന്ത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ക്കാണ് വിക്കറ്റ്. രണ്ട് സെഷനും നാല് വിക്കറ്റും ശേഷിക്കെ ഓസീസിന് ജയിക്കാന്‍ ഇനിയും 137 റണ്‍സ് കൂടി വേണം. നരത്തെ, ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 307ല്‍ അവസാനിച്ചിരുന്നു. ചേതേശ്വര്‍ പൂജാര (71), അജിന്‍ക്യ രഹാനെ (70) എന്നിവരാണ് ഇന്ത്യക്ക് മാന്യമായ ലീഡ് സമ്മാനിച്ചത്.
നാലിന് 104 എന്ന നിലയില്‍ നിന്നാണ് ഓസീസ് അഞ്ചാം ദിനം ആരംഭിച്ചത്. എന്നാല്‍ 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ട്രാവിസ് ഹെഡിനെ നഷ്ടമായി. ഇശാന്ത് ശര്‍മയുടെ പന്തില്‍ അജിന്‍ക്യ രഹാനെയ്ക്ക് ക്യാച്ച് നല്കി മടങ്ങുകയായിരുന്നു ഹെഡ്. പിന്നാലെ ഒത്തുച്ചേര്‍ന്ന് ഷോണ്‍ മാര്‍ഷും ക്യാപ്റ്റന്‍ ടിം പെയ്നും ഓസീസിന് നേരിയ പ്രതീക്ഷ നല്കി. ഇരുവരും 41 റണ്‍സാണ് കൂട്ടിച്ചേര്‍ത്ത്. മാര്‍ഷിനെ പുറത്താക്കി ബുംറ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. ബുംറ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്യാച്ചെടുത്താണ് മാര്‍ഷ് പുറത്തായത്. പെയ്ന് ഇതുവരെ നാല് ഫോറുകള്‍ സ്വന്തമാക്കി.
നേരത്തെ, ആര്. അശ്വിനും മുഹമ്മദ് ഷമിയുമാണ് ഓസീസിന്റെ മുന്‍നിര തകര്‍ത്തത്. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ (11)യാണ് ഓസീസിന് ആദ്യം നഷ്ടമായത്. ഫിഞ്ചിനെ അശ്വിന് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെച്ചിച്ചു. പിന്നാലെ സഹഓപ്പണ്‍ മാര്‍കസ് ഹാരിസും (26) മടങ്ങി. ഷമിയുടെ പന്ത് ബാറ്റിലുരസി വിക്കറ്റ് കീപ്പറുടെ കൈകളില്‍. അധികം വൈകാതെ എട്ട് റണ്‍സെടുത്ത ഉസ്മാന് ഖവാജയും മടങ്ങി. അശ്വിനെ മിഡ് ഓഫിലൂടെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ രോഹിത് ശര്‍മയുടെ കൈകളില്‍ ഒതുങ്ങി. ഷമിയെ പുള്‍ ചെയ്യാനുള്ള ശ്രമത്തിനിടെ പീറ്റര്‍ ഹാന്‍ഡ്കോംപ്സും മടങ്ങിയതോടെ ഓസ്ട്രേലിയ പ്രതിരോധത്തിലായി. എന്നാല്‍ ഷോണ്‍ മാര്‍ഷും ട്രാവിസ് ഹെഡും അധികം കേടുപാടുകള്‍ കൂടാതെ നാലാംദിനം പൂര്‍ത്തിയാക്കുകയായിരുന്നു.
അഡ്ലെയ്ഡ് ടെസ്റ്റ്: ഇന്ത്യ വിജയ പ്രതീക്ഷയില്‍