കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ ഉയരങ്ങള്‍ താണ്ടി മുന്നോട്ട്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കൂടിയത്.ഇതോടെ ഒരു പവന് 48,200 രൂപയിലും ഗ്രാമിന് 6,025 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി 5,000 രൂപയിലും പവന് 80 രൂപ കൂടി 40,000 രൂപയിലുമെത്തി.
വ്യാഴാഴ്ച പവന് 48,000 രൂപ പിന്നിട്ടിരുന്നു. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വ്യാഴാഴ്ച വർധിച്ചത്. പവന് 46,320 രൂപയില്‍ നിന്നാണ് ഒരാഴ്ചയ്ക്കിടെ രണ്ടായിരത്തോളം രൂപയുടെ വര്‍ധനയുണ്ടായത്.
പവന് 200 രൂപയും ഗ്രാമിന് 25 രൂപയും ബുധനാഴ്ച കൂടിയിരുന്നു. ചൊവ്വാഴ്ച പവന് 560 രൂപയും ഗ്രാമിന് 70 രൂപയും ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിട്ടിരുന്നു. ഇതാണ് ഇന്ന് തിരുത്തി പുതിയ ഉയരം കുറിച്ചത്.
വർഷാരംഭത്തില്‍ പവന് 46,840 രൂപയിലായിരുന്നു സ്വർണവിപണി ആരംഭിച്ചത്. ജനുവരി രണ്ടിന് വില 47,000 തൊട്ടു. എന്നാല്‍ 18ന് സ്വർണ വില ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 45,920 രൂപയായിരുന്നു അന്നത്തെ വില. തൊട്ടടുത്ത ദിവസം വീണ്ടും 46,000 രൂപയ്ക്കു മുകളിലേക്ക് തന്നെ ഉയർന്നു. 46,400 രൂപയിലാണ് ജനുവരി 31ന് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്.
ഫെബ്രുവരി സ്വർണ വിലയില്‍ ചാഞ്ചാട്ടങ്ങള്‍ ദൃശ്യമായ മാസമായിരുന്നു. രണ്ടിന് രേഖപ്പെടുത്തിയ 46,640 രൂപയാണ് ആ മാസത്തെ ഏറ്റവും ഉയർന്ന വില. 15ന് രേഖപ്പെടുത്തിയ 45,220 രൂപയാണ് ഏറ്റവും കുറഞ്ഞ വില. 46,080 രൂപയിലെത്തിയ ശേഷം ഫെബ്രുവരിയിലെ അവസാന നാലു ദിവസങ്ങളില്‍ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.
എന്നാല്‍ മാർച്ച് ആദ്യ ദിനങ്ങളില്‍ തന്നെ സ്വർണവില കുത്തനെ ഉയർന്നു. പവന് 680 രൂപയാണ് രണ്ടിന് മാത്രം ഉയർന്നത്. ഇതോടെ സ്വർണവില 47,000 രൂപയിലേക്കെത്തി.
ആഗോള വിപണിയിലെ വില വര്‍ധനയാണ് രാജ്യത്തെ കുതിപ്പിന് കാരണം. അന്താരാഷ്ട്ര സ്വർണം നിലവില്‍ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔണ്‍സിന് 10.34 ഡോളർ (0.48%) ഉയർന്ന് 2158.06 ഡോളർ എന്ന നിലവാരത്തിലാണ് സ്വർണം. യുഎസ് എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവർധനയ്ക്ക് പ്രധാന കാരണം. വരുംദിവസങ്ങളിലും സ്വർണവില പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, വെള്ളിവിലയില്‍ വെള്ളിയാഴ്ച മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുന്നു.