ഇടുക്കി: കുമളിക്കു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ആറു വയസുകാരിയുടെ മാതാപിതാക്കള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഇതര സംസ്ഥാന പെണ്‍കുട്ടിയെയാണ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ കുമളി മുരുക്കടിക്കു സമീപം പത്തുമുറി ഭാഗത്ത് കുട്ടി റോഡിലൂടെ നടന്നുപോകുന്നത് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് പ്രദേശവാസികള്‍ കുട്ടിയോട് വിവരങ്ങള്‍ തിരക്കി.
എന്നാല്‍ കുട്ടി സംസാരിച്ച ഭാഷ ആളുകള്‍ക്ക് മനസിലാകാത്തതിനെത്തുടര്ന്ന് ഇവര്‍ പോലീസ് കണ്ട്രോള് റൂമില്‍ വിവരം അറിയിക്കുകയായിരുന്നു. കണ്ട്രോള് റൂമില്‍ നിന്നു വിവരമറിയിച്ചതിനെ തുടര്‍ന്ന് കുമളി പോലീസ് സ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുത്തു.
ഇതിനിടെ കുട്ടിയുടെ ബന്ധു എന്നവകാശപ്പെട്ട് ഒരാള്‍ പോലീസ് സ്റ്റേഷനില്‍ എത്തി. മാതാപിതാക്കള്‍ ആസാമിലാണെന്നും കുട്ടിയെ വിട്ടു നല്‍കണമെന്നും ഇയാള്‍ അറിയിച്ചെങ്കിലും പോലീസ് കുട്ടിയെ വിട്ടു നല്‍കിയില്ല.