കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 5,815 രൂപയും പവന് 46,520 രൂപയുമായി.
ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഉയർന്നിരുന്നു. തിങ്കളാഴ്ചയും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ആഗോള വിപണികളിലെ വില മാറ്റങ്ങളാണ് പ്രാദേശിക സ്വർണ വിപണിയില്‍ പ്രതിഫലിക്കുന്നത്.
ജനുവരി രണ്ടിന് 47,000 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും ഇതാണ്. തുടര്‍ന്ന് വില താഴുന്നതാണ് ദൃശ്യമായത്. 18ന് 45,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. തൊട്ടടുത്ത ദിവസം 240 രൂപ പവന് വര്‍ധിച്ചു. പിന്നീട് തിങ്കളാഴ്ച വരെ 80 രൂപ കൂടുകയും കുറയുകയും ചെയ്ത് ചാഞ്ചാടി മുന്നോട്ടുനീങ്ങുകയായിരുന്നു സ്വര്‍ണം.