ഇടുക്കി: ചിന്നക്കനാലില്‍ പുറംപോക്ക് ഭൂമി കൈയേറിയെന്ന വിജിലൻസ് കണ്ടെത്തലില്‍ പ്രതികരണവുമായി മാത്യു കുഴല്നാടന് എംഎല്‍എ.
ആധാരത്തില്‍ പറഞ്ഞിരിക്കുന്നതില്‍ കൂടുതല്‍ ഭൂമി തന്റെ കൈവശം ഉണ്ടോ എന്ന് അറിയില്ലെന്ന് കുഴല്നാടന് പ്രതികരിച്ചു.
വാങ്ങിയതിന് ശേഷം ഇതുവരെ ഭൂമി അളന്ന് നോക്കിയിട്ടില്ല. അളന്ന് നോക്കി കൂടുതല്‍ ഉണ്ടെങ്കില്‍ തിരികെ നല്കാന് തയാറാണ്. ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചിട്ടുണ്ട്.
വിജിലന്‍സിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്കി. അധികാരം കൊണ്ട് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും എംഎല്‍എ പ്രതികരിച്ചു.
ചിന്നക്കനാല്‍ ഭൂമിയിടപാട് കേസില്‍ മാത്യു കുഴല്നാടന് എംഎല്‍എയ്ക്കെതിരേ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് വിജിലന്‍സിന്റെ നിലപാട്. 50 സെന്റ് പുറംപോക്ക് ഭൂമി കൈയേറി മതില് നിര്‍മിച്ചെന്നാണ് കണ്ടെത്തല്‍.
ഭൂമി രജിസ്ട്രേഷനിലും ക്രമക്കേടുണ്ട്. 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ കാര്യം രജിസ്ട്രേഷന് സമയത്ത് മറച്ചുവച്ചു. ഇതിലൂടെ എംഎല്‍എ നികുതി വെട്ടിപ്പ് നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്നുമാണ് വിജിലൻസിന്റെ നിലപാട്.