അബുദബി: യുഎഇയിലെ സ്ഥാപനങ്ങളില്‍ എല്ലാ രാജ്യക്കാര്‍ക്കും തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജീവനക്കാരായി വ്യത്യസ്ത രാജ്യക്കാരെ നിയമിക്കാനുള്ള നിയമം കര്‍ശനമാക്കും. ഇതിന്റെ ഭാഗമായി വിസാ ക്വാട്ടയുടെ 20 ശതമാനം ജീവനക്കാരും വ്യത്യസ്ത രാജ്യക്കാരായിരിക്കണമെന്ന ചട്ടം പാലിക്കണമെന്നുള്ള നിര്‍ദേശം വിസാ സേവന സ്ഥാപനങ്ങള്‍ക്ക് ലഭിച്ചു.
ഇന്ത്യയെ ബാധിക്കും
ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്, ഈജിപ്ത് എന്നിവിടങ്ങളിലുള്ളവരെയാണ് ഇത് ഏറെയും ബാധിക്കുക. ഇത് അനുസരിച്ച് പുതിയ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ വിസ ക്വാട്ടയുടെ ഇരുപത് ശതമാനം വ്യത്യസ്ത രാജ്യക്കാരാണെന്ന് ഉറപ്പാക്കണം. വിസ പുതുക്കുമ്പോഴും ജനസംഖ്യാപരമായ വൈവിധ്യം ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. ഉദാഹരണത്തിന് ഒരു സ്ഥാപനത്തില്‍ കൂടുതല്‍ ജീവനക്കാരും ഇന്ത്യക്കാരാണെങ്കില്‍, അനുപാതം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഇവര്‍ക്ക് വിസ പുതുക്കി നല്‍കില്ല. പകരം മറ്റ് രാജ്യക്കാരെ നിയമിച്ച് തുല്യത ഉറപ്പാക്കേണ്ടിവരും. ഗാര്‍ഹിക തൊഴിലാളികളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടണ്ടെന്നാണ് ലഭിക്കുന്ന വിവരം.
യുഎഇയില്‍ ഒരു കമ്പനി തുടങ്ങുമ്പോള്‍ ജീവനക്കാരുടെ വിസാ ക്വാട്ടകളുടെ അംഗീകാരത്തിനായി മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തില്‍ അപേക്ഷ നല്‍കണം. ജീവനക്കാര്‍ക്ക് റസിഡന്‍ഡ് വിസ സ്പോണ്സര് ചെയ്യുന്നതിന് മുന്‍പ് വിസാ ക്വാട്ട അലോക്കേഷന് ഉറപ്പാക്കേണ്ടതുണ്ട്. ഇത്തരത്തില്‍ പുതിയ അപേക്ഷ നല്‍കുമ്പോഴാണ് നിയമത്തിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ പുതിയ കമ്പനികള്‍ക്കും ഫ്രീ സോണിലെ കമ്പനികള്‍ക്കും ഇത് ബാധകമല്ല.