കണ്ണൂര്‍ : സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുചാടിയ ഹര്‍ഷാദ് ബെംഗളൂരുവില്‍ എത്തിയെന്ന് വിവരം. കണ്ണൂര്‍ സിറ്റി എ.സി.പിയുടെ സ്ക്വാഡ് ബെംഗളൂരുവില്‍ പരിശോധന . ഹര്‍ഷാദ് രക്ഷപ്പെടുന്നതിനായി ഉപയോഗിച്ച ബൈക്ക് ബെംഗളൂരുവില്‍ നിന്ന് വാടകയ്ക്ക് എടുത്തതാണെന്നും ഇത് തിരികെ നല്‍കിയെന്നും അന്വേഷണസംഘം കണ്ടെത്തി.
അതേസമയം, ജയില്‍ചാട്ടം ആസൂത്രണം ചെയ്തത് ബെംഗളൂരുവില്‍ നിന്നുള്ള ലഹരിക്കടത്ത് സംഘമെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലഹരിക്കേസില്‍ കോടതി 10 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ച ഹര്‍ഷാദ് ഞായറാഴ്ചയാണ് ജയില്‍ ചാടിയത്. ദേശീയ പാതയോട് ചേര്‍ന്നുള്ള മതില് കെട്ടില്‍ വരുന്ന പത്രങ്ങള്‍ എടുക്കാന്‍ ഏല്പ്പിപ്പിച്ചതോടെയാണ് ഹര്‍ഷാദ് ജയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്.
ശിക്ഷാ കാലാവധി കഴിയാറായ തടവുകാരെ പുറം ജോലിക്കും വെല്‍ഫെയര്‍ ഡ്യൂട്ടിക്കും നിയോഗിക്കുന്നതാണ് ജയിലിലെ രീതി. എന്നാല്‍ ഇത് മറികടന്ന് ഒന്‍പത് വര്‍ഷം കൂടി ശിക്ഷ ശേഷിക്കുന്ന ഹര്‍ഷാദിനെ നിയോഗിച്ചത് എങ്ങനെയെന്നും അന്വേഷണം നടക്കുകയാണ്. ഡ്യൂട്ടി നിശ്ചയിച്ചതില്‍ ജയില്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ജയില്‍വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.