ന്യൂഡല്‍ഹി: പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി.മനു സുപ്രീംകോടതിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് കാട്ടിയാണ് ഹര്‍ജി. തൊഴില്‍മേഖലയിലെ ശത്രുക്കളാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്നും ഹര്‍ജിയില്‍ പറയുന്നു.
പീഡനക്കേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ കഴിഞ്ഞ മാസമാണ് മനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. പത്തു ദിവസത്തിനകം ചോറ്റാനിക്കര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാനായിരുന്നു കോടതി നിര്‍ദേശം നല്‍കിയിരുന്നത്.
സമയപരിധി കഴിഞ്ഞിട്ടും ഇയാള്‍ സ്റ്റേഷനില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം തടസഹര്‍ജിയുമായി അതിജീവിതയും സുപ്രീംകോടതിയെ സമീപിച്ചു. തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് അതിജീവിതയുടെ ഹര്‍ജി.