ന്യൂഡല്‍ഹി: വൈ.എസ്. ശര്‍മിള ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ. എഐസിസി ഇതുസംബന്ധിച്ച വാര്‍ത്താക്കുറിപ്പിറക്കി.
ഈയിടെ കോണ്‍ഗ്രസ് അംഗത്വമെടുത്ത ശര്‍മിള തന്റെ പാര്‍ട്ടിയായ വൈഎസ്ആര്‍ തെലുങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചിരുന്നു.
ശര്‍മിളയുടെ സ്ഥാനാരോഹണത്തിനു മുന്നോടിയായി എപിസിസി അധ്യക്ഷൻ ഗിഡുഗു രുദ്രരാജു രാജിവച്ചിരുന്നു. 2022 നവംബറിലാണു രുദ്രരാജു എപിസിസി അധ്യക്ഷനായത്. രുദ്രരാജുവിനെ പ്രവര്‍ത്തകസമിതി പ്രത്യേക ക്ഷണിതാവാക്കും.
ആന്ധ്രാ വിഭജനത്തോടെ തകര്‍ന്നു തരിപ്പണമായ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുകയെന്നതാണു ശര്‍മിള നേരിടാനുള്ള വെല്ലുവിളി. ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഢിയുടെ സഹോദരിയായ ശര്‍മിള നേതൃത്വമേറ്റെടുത്താല്‍ കോണ്‍ഗ്രസില്‍ ചേരാൻ തയാറാണെന്നു നിരവധി വൈഎസ്ആര്‍സിപി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.