ആലപ്പുഴ: അധികാര രാഷ്ട്രീയത്തിനെതിരേ പ്രസംഗത്തിലൂടെ രൂക്ഷവിമര്‍ശനം നടത്തിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരെ വിമര്‍ശിച്ച് സിപിഎം നേതാവ് ജി.സുധാകരൻ. ഇടതുസര്‍ക്കാരിനെയും സിപിഎമ്മിനെയും സമരവും ഭരണവും എന്താണെന്നു എം.ടി പഠിപ്പിക്കാൻ വരേണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആറ്റംബോംബ് വീണു എന്ന തരത്തിലാണ് ചര്‍ച്ചയെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു.
സമരവും ഭരണവും ഇഎംഎസ് പറഞ്ഞതാണ്. അതൊക്കെ എല്ലാവരും മറന്നുപോയോ?. ഭരണം കൊണ്ടുമാത്രം ജനകീയ പ്രശ്നങ്ങള്‍ തീരില്ല എന്നാണ് ഇഎംഎസ് പറഞ്ഞതിന്റെ അര്‍ഥം. അത് മാര്‍ക്സിസം ആണ്. പഠിച്ചവര്‍ക്കേ അറിയൂ. വായിച്ചു പഠിക്കണമെന്നും സുധാകരൻ പറഞ്ഞു.
ഇക്കാര്യത്തില്‍ എം.ടി.വാസുദേവൻ നായര്‍ പറയേണ്ടതില്ല. അതൊക്കെ ഞാനും നേരത്തെ പറഞ്ഞിട്ടുള്ളതാണ്. എം.ടി പറഞ്ഞപ്പോള്‍ മാത്രമെന്താ ഭയങ്കര ഇളക്കം? എംടി പറഞ്ഞതിനോട് ഞാനെന്തിനാ പ്രതികരിക്കുന്നത്?.
ഇതിനു മുൻപും ഞാൻ പറഞ്ഞിട്ടുണ്ട്. അതിനോടൊന്നും അദ്ദേഹം പ്രതികരിച്ചിട്ടില്ല. മിണ്ടിയിട്ടില്ല. അദ്ദേഹത്തിന് തോന്നിയത് പറഞ്ഞു. ഉടനെ കേരളത്തിലെ സാഹിത്യകാരന്മാര് ഓരോരുത്തരും ഓരോന്ന് പറഞ്ഞു തുടങ്ങി. അതുതന്നെ ഭീരുത്വമാണ്. ഇവര്‍ക്ക് സത്യസന്ധതയില്ല. ആര്‍ജവമുണ്ടെങ്കില്‍ എം.ടിയെ ഏറ്റുപറയാതെ പരസ്യമായി പറയാൻ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നുരാവിലെ ആലപ്പുഴ ടൗണില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവേയാണ് സുധാകരന്റെ വിമര്‍ശനം. എം.ടിയുടെ പ്രസംഗം വലിയ ചര്‍ച്ചയായതിനു ശേഷം ആദ്യമായാണ് സിപിഎമ്മിന്റെ ഒരു മുതിര്‍ന്ന നേതാവ് അദ്ദേഹത്തിനെതിരേ പരസ്യമായി പ്രതികരിച്ചിരിക്കുന്നത്.
എം.ടി അടക്കമുള്ള സാഹിത്യകാരന്മാര് വിമര്‍ശനമുന്നയിച്ചാല്‍ കാതുകൂര്‍പ്പിച്ച് കേള്‍ക്കുമെന്നും ആവശ്യമെങ്കില്‍ തിരുത്തുമെന്നുമാണ് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്.