തിരുവനന്തപുരം: കരുവന്നൂര്‍ വിഷയത്തില്‍ മന്ത്രി പി. രാജീവിനെ പിന്തുണച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ.
കരുവന്നൂര്‍ ബാങ്കില്‍നിന്നും ലോണ്‍ കൊടുക്കാൻ പറയുന്നത് അത്ര വലിയ തെറ്റാണോ എന്ന് ജയരാജൻ ചോദിച്ചു.ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് രാജീവ് ഇടപെട്ടോയെന്ന് അറിയില്ല. അങ്ങനെ ഇടപെട്ടെങ്കില് തന്നെ അതില്‍ എന്താണ് തെറ്റെന്നും ജയരാജൻ ചോദിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ജയരാജൻ കടന്നാക്രമിച്ചു. വ്യവഹാരം നടത്തി ആളാകാൻ ശ്രമിക്കുന്ന ചിലരുണ്ടായിരുന്നു. സതീശൻ അങ്ങനെ തരംതാഴരുത്. ശല്യക്കാരനായ വ്യവഹാരിയെന്ന് പേര് അത്ര നല്ലതല്ലെന്നും ജയരാജൻ കൂട്ടിച്ചേര്‍ത്തു.മന്ത്രി പി. രാജീവ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് അനധികൃത വായ്പകള്‍ അനുവദിക്കാൻ സമ്മര്‍ദം ചെലുത്തിയെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസില്‍ മാപ്പുസാക്ഷിയായ കരുവന്നൂര്‍ ബാങ്ക് മുൻ സെക്രട്ടറി ടി.ആര്. സുനില്‍കുമാറിന്റെ മൊഴിയാണ് ഇഡി ഹൈക്കോടതിയെ അറിയിച്ചത്.
എ.സി. മൊയ്തീൻ, പാലോളി മുഹമ്മദ് കുട്ടി അടക്കം മുതിര്‍ന്ന നേതാക്കളുടെയും സമ്മദര്‍ദം ചെലുത്തിയ ജില്ലാ, ഏരിയ, ലോക്കല്‍ കമ്മിറ്റി നേതാക്കളുടെ പേരുകളും സുനില്‍ കുമാറിന്റെ മൊഴിയിലുണ്ട്. ബാങ്കിന്റെ പ്രവര്‍ത്തനങ്ങളത്രയും നിയമവിരുദ്ധമാണ്. കള്ളപ്പണ ഇടപാടും വ്യാജ ലോണുകളും സ്വര്‍ണപ്പണയവും ഭൂമി ഈട് ലോണുമടക്കം സകലതിലും കൃത്രിമമുണ്ട്.ബാങ്ക് നിയന്ത്രിച്ച സിപിഎം പ്രാദേശിക ഭരണസമിതിയുടെ പൂര്‍ണ മേല്‍നോട്ടത്തിലാണ് ഇതൊക്കെ നടന്നത്. പല ജീവനക്കാരെയും നോക്കുകുത്തികളാക്കിയാണു രാഷ്ട്രീയ നേതാക്കള്‍ തട്ടിപ്പു നടത്തിയതെന്നും ഇഡിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.