ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണത്തിന് ബിജെപി. സ്ഥാനാര്‍ഥികളില്‍ 33 ശതമാനം വനിതകള്‍ക്കായി നല്‍കിയേക്കും. വനിതാ സംവരണ ബില്‍ രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിന് മുന്‍പ് തന്നെ പാര്‍ട്ടി തലത്തില്‍ നടപ്പാക്കി, ഇതൊരു രാഷ്ട്രീയ നിലപാടാണെന്ന നയം സ്വീകരിക്കാനാണ് ബിജെപി തയ്യാറെടുക്കുന്നത്.
പാര്‍ട്ടിക്ക് ഗണ്യമായ നേട്ടമുണ്ടാക്കാനാകാത്ത കേരളം, തമിഴ്നാട്, ജമ്മുകശ്മീര്‍, ബിഹാര്‍, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് പുറത്ത് നിന്നുള്ള പൊതുസമ്മതരായ സ്ത്രീകളെ മല്‍സരരംഗത്തിറക്കാനും അതുവഴി ശക്തമായ മല്‍സരം കാഴ്ചവയ്ക്കാനും സാധ്യമെങ്കില്‍ സീറ്റുകള്‍ പിടിച്ചെടുക്കാനും ബിജെപി ലക്ഷ്യമിടുന്നുണ്ട്.
കലാ–സാംസ്കാരിക രംഗത്തെ പ്രമുഖ വനിതകളെയും സ്ഥാനാര്‍ഥികളായി പരിഗണിച്ചേക്കും. വനിതാ സംവരണം നടപ്പിലാക്കുന്നതിനൊപ്പം യുവാക്കള്‍ക്കും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും പാര്‍ട്ടി തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.