കൊച്ചി:കെഎസ് യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിന് വ്യാജ സര്‍ട്ടിഫിക്കറ്റില്ലെന്ന് പൊലീസ്. പരാതി വ്യാജമെന്നും കേസ് അവസാനിപ്പിക്കു ന്നുവെന്നും കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചെന്ന പരാതിയില്‍ കെഎസ്യു നേതാവ് അൻസില്‍ ജലീലില്‍ കേസില്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതോടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ദേശാഭിമാനി പത്രത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. വ്യാജ വാര്‍ത്തയുടെ ഉറവിടം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കെഎസ്യു ഡിജിപിക്ക് പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജെഎഫ്സിഎം കോടതിയിലാണ് പോലീസ് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ അൻസില്‍ തെറ്റ് ചെയ്തതിന് തെളിവുകളില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.അൻസില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന് ദേശാഭിമാനി വാര്‍ത്ത കൊടുത്തിരുന്നു. തുടര്‍ന്ന് ലഭിച്ച പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അൻസിലിനെ നിരവധി തവണ പോലീസ് ചോദ്യംചെയ്യുകയും മറ്റ് വിദ്യാഭ്യസ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് അൻസില്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇയാള്‍ക്ക് അനുകൂലമായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് വാര്‍ത്ത പ്രചരിപ്പിച്ച ദേശാഭിമാനി പത്രത്തിനെതിരേ നിയമനടപടി സ്വീകരിക്കാൻ അൻസിലും കെഎസ്യുവും തീരുമാനിച്ചത്.