മൂവാറ്റുപുഴ: സാന്ത്വനപരിചരണ രംഗത്ത് പുതിയ അധ്യായം രചിച്ച് പായിപ്ര ഗ്രാമപഞ്ചായത്തിന്റെ പാലിയേറ്റീവ് കെയര്‍ ഓഫീസ് നാടിന് സമര്‍പ്പിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന പാലിയേറ്റീവ് കെയര്‍ സെന്ററിന് പുതുതായി നിര്‍മിച്ച ഓഫീസ് മന്ദിരം പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി ഉദ്ഘാടനം ചെയ്തു.ജില്ലയില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയേറിയ പഞ്ചായത്തായ പായിപ്ര ഗ്രാമപഞ്ചായത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ രണ്ട് പ്രൈമറി പാലിയേറ്റീവ് യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്.
തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രോഗികള്‍ക്ക് പാലിയേറ്റീവ് കെയര്‍ സേവനം നല്കി വരുന്നു. കീടപ്പ് രോഗികളെ വീടുകളിലെത്തി പരിചരിക്കുന്നതിന് രണ്ട് നെഴ്സ്മാരുടെ സേവനവും ഇതോടൊപ്പം പഞ്ചായത്തിലെ ആയുര്‍വ്വേദ-ഹോമിയോ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സേവനവും പാലിയേറ്റീവ് കേന്ദ്രത്തില്‍ ഉറപ്പാക്കിയിട്ടുണ്ട്. കിടപ്പ് രോഗികള്‍ക്ക് ആവശ്യമായ ഫിസിയോതെറാപ്പി അടക്കമുള്ള മുഴുവന്‍ സേവനങ്ങളും രോഗികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും പാലിയേറ്റീവ് കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷോബി അനില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.സി.വിനയന് സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ വി.ഇ.നാസര്‍, സാജിദ മുഹമ്മദാലി, മെമ്പര്‍മാരായ ഇ എം ഷാജി, എം എസ് അലിയാര്, ബെസി എല്‍ദോ , പി എം അസീസ്, നജിഷാനവാസ്, എം എ നൗഷദ്, എ.റ്റി സുരേന്ദ്രന് ,വിജി പ്രഭാകരന്, എല്‍ജി റോയി, സുകന്യ അനീഷ്, കുടുംബാരോഗ്യ കേന്ദ്രം മെസിക്കല്‍ ഓഫീസര്‍ ഡോ : അനീഷ് ബേബി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രമോദ് ഭാസ്കര്‍, പാലിയേറ്റീവ് നേഴ്സ് സിന്ധു എന്നിവര്‍ സംസാരിച്ചു. പാലിയേറ്റീവ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ 1723 രോഗികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 416 രോഗികള്‍ക്ക് സേവനം നല്കി വരുന്നു.