നവകേരള സദസ്സിന് നാടൊന്നാകെ അതിരില്ലാത്ത പിന്തുണയാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി. ഇരിപ്പിടങ്ങളും കവിഞ്ഞ് പ്രതീക്ഷയും കടന്ന് ആള്‍ക്കൂട്ടം എത്തുന്നതാണ് എല്ലായിടത്തും പ്രകടമാകുന്നതെന്ന് അദ്ധേഹം പറഞ്ഞു. നവകേരള സദസ്സ് മഞ്ചേശ്വരത്ത് നിന്ന് യാത്ര ആരംഭിച്ചപ്പോള്‍ മുതല്‍ കാണുന്ന കാഴ്ചയാണിത്. നവകേരള സദസ്സിനെ നെഞ്ചേറ്റി കൊണ്ടുള്ള ജനപങ്കാളിത്തമാണ് എല്ലാ സദസ്സുകളിലും ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും മണലൂര്‍ നിയോജക മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ നാട് എവിടെയാണ് എത്തിനില്‍ക്കുന്നതെന്നും ഇനിയെങ്ങനെ മുന്നോട്ട് പോകണം എന്ന ആശയ രൂപീകരണമാണ് നവകേരളസദസ്സില്‍ നടക്കുന്നത്. രാഷ്ട്രീയ ഭേദമെന്യേ ഏവരും ഇതിനെ സ്വീകരിക്കുമെന്നാണ് കരുതിയത്. പക്ഷേ പ്രതിപക്ഷം തെറ്റായ മനോഭാവത്തോടെ ബഹിഷ്കരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. വിവിധ രീതിയിലുള്ള അധിക്ഷേപങ്ങള്‍ ഉന്നയിച്ചു. പക്ഷേ ജനം ആരുടെയും ആജ്ഞാനുവര്‍ത്തികളല്ല എന്ന കാഴ്ചയാണ് അതിശയകരമായ പ്രതികരണത്തിലൂടെയും ജനപിന്തുണയിലൂടെയും സദസ്സിന് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ തനതു വരുമാനം, അഭ്യന്തര വരുമാനം, ആളോഹരി വരുമാനം എന്നിവ വര്‍ധിപ്പിക്കാനായിട്ടുണ്ട്. ഇന്ത്യയിലെ ആളോഹരി വരുമാനത്തില്‍ മുന്നില്‍ നില്ക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഇത് കാണിക്കുന്നത് കേരളത്തിന്റെ ഒരു സംസ്ഥാനമെന്ന നിലയ്ക്കുള്ള സാമ്പത്തിക നിലയിയിലെ പുരോഗതിയാണ്. പക്ഷേ പ്രയാസം വരുന്നത് കേന്ദ്ര ഗവണ്മെന്റ് നിലപാടുകള്‍ ശ്വാസം മുട്ടിക്കുമ്പോഴാണ്. സാധാരണ മാനദണ്ഡമനുസരിച്ച് നമുക്ക് അര്‍ഹതപ്പെട്ട കേന്ദ്ര ധനസഹായം ലഭിക്കാതെ വരുന്നു. 2016 ന്റെ തുടര്‍ച്ചയായി വന്ന ഓഖി, വെള്ളപൊക്കം, നിപ്പ, കോവിഡ് തുടങ്ങി വിവിധ പ്രതിസന്ധികളിലൂടെടെയാണ് നാം കടന്നുപോയത്. ആ സമയത്തും കേന്ദ്രസര്‍ക്കാര്‍ വിരോധ മനോഭാവമാണ് സ്വീകരിച്ചത്. പക്ഷേ എല്ലാ പ്രതിസന്ധികളെയും നമുക്ക് ഒരുമിച്ച് നേരിടാനായി.
പാവറട്ടി സെന്റ് ജോസഫ് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന മണലൂര്‍ നിയോജക മണ്ഡലം നവകേരള സദസ്സില്‍ മുരളി പെരുനെല്ലി എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.എന്‍ വാസവന്, എ.കെ. ശശീന്ദ്രന്, ജെ. ചിഞ്ചുറാണി, സംഘാടക സമിതി കണ്‍വീനര്‍ പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന് തുടങ്ങിയവര്‍ സംസാരിച്ചു.