പാലക്കാട്: സിപിഐ പാർട്ടി ഓഫീസ് പരിസരത്ത് നിന്ന് തേക്ക് അടക്കമുള്ള മരങ്ങൾ അനുമതിയില്ലാതെ മുറിച്ച് കടത്തിയെന്ന് പരാതി. ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പ്രവർത്തകർ വനംവകുപ്പിന് പരാതി നൽകി. എന്നാൽ പാർട്ടി യോഗം ചേർന്നാണ് മരം മുറിക്കാൻ തീരുമാനിച്ചതെന്നാണ് ബ്രാഞ്ച് സെക്രട്ടറിയുടെ വിശദീകരണം.
കിഴക്കഞ്ചേരി വാൽകുളമ്പിലെ സിപിഐ പാർട്ടി ഓഫീസ് പരിസരത്ത് നിന്നാണ് മരം മുറിച്ചത്. ആറ് തേക്ക് മരങ്ങളാണ് അനുമതിയില്ലാതെ മുറിച്ച് കടത്തിയത്. പ്രവർത്തകരുമായി ചർച്ച നടത്താതെയാണ് മരം മുറിക്കാൻ തീരുമാനിച്ചതെന്നും പരാതിയിൽ പറയുന്നു.
എന്നാൽ പാർട്ടി യോഗം ചേർന്നാണ് മരം മുറിക്കാൻ തീരുമാനിച്ചതെന്നും മരം മുറിക്കാൻ തീരുമാനിച്ച യോഗത്തിൽ പങ്കെടുക്കാത്തവരാണ് ആരോപണം ഉന്നയിക്കുന്നതെന്നും നേതൃത്വം പറഞ്ഞു. ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് മരം മുറിച്ചതെന്നാണ് ബ്രാഞ്ച് സെക്രട്ടറി വ്യക്തമാക്കുന്നത്.