തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് മുൻ എംപിയും സിപിഎം നേതാവുമായ എ സമ്പത്തിനെ മാറ്റി.കേരളാ ഗസറ്റഡ് ഓഫീസേര്‍സ് അസോസിയേഷൻ നേതാവായിരുന്ന കെ ശിവകുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി പുതുതായി നിയമിച്ചു. സമ്പത്തിനെ സംഘടന രംഗത്തേക്ക് മാറ്റാനാണ് സിപിഎം തീരുമാനം.
കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രി ടിപി രാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി കെ ശിവകുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മന്ത്രി കെ രാധാകൃഷ്ണനും എ സമ്പത്തും തമ്മില്‍ ദീര്‍ഘനാളായി അഭിപ്രായഭിന്നതയുണ്ടായിരുന്നതായാണ് വിവരം. മന്ത്രിയുടെ അതൃപ്തിയെ തുടര്‍ന്നാണ് സമ്പത്തിനെ നീക്കിയത്.മൂന്ന് തവണ ആറ്റിങ്ങല്‍ എംപിയായിരുന്നു എ സമ്പത്ത്. എന്നാല്‍ 2019 ലെ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിനോട് തോല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ദില്ലിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയായി പോയ അദ്ദേഹം ഇടതുമുന്നണിക്ക് തുടര്‍ഭരണം കിട്ടിയതോടെയാണ് തിരികെ കേരളത്തിലേക്ക് വന്നത്.