മൂവാറ്റുപുഴയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ മൂന്നു വയസുകാരിയായ പെൺകുട്ടിയെ കാണാതായത് പരിഭ്രാന്തി പരത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ വാടക വീട്ടിലെ കുളിമുറിയിൽ നിന്നും കുട്ടിയെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. പെൺകുട്ടിയെ പൊലിസ് വൈദ്യ പരിശോധനക്ക് എത്തിച്ചു.
ഞായറാഴ്ച രാത്രി 8.30ഓടെ മൂവാറ്റുപുഴ കാളചന്തയിലെ വീട്ടിൽ നിന്നാണ് ആസാം സ്വദേശിയായ കുട്ടിയെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർക്കെതിരെ മാതാവ് മൊഴി നൽകി. ഉച്ചക്ക് വീട്ടിലെത്തിയ അന്യസംസ്ഥാന തൊഴിലാളി ദീക്ഷണിപ്പെടുത്തിയതായി മാതാവ് പറഞ്ഞു. ഇയാൾക്കൊപ്പം മലയാളിയും ഉണ്ടായതായി മാതാവ് പൊലിസിനോട് പറഞ്ഞു.
വിവരമറിഞ്ഞെത്തിയ നാട്ടുകാർ താമസ സ്ഥലത്തും സമീപത്തെ സ്റ്റേഡിയത്തിലും പറമ്പുകളിലും തിരച്ചിൽ നടത്തിയിരുന്നു. കൂട്ടിയെ തേടി മാതാവും ബന്ധുക്കളും സമീപത്തെ റോഡുകളിലേക്ക് ഓടി. വിവരമറിഞ്ഞ് പോലിസും സ്ഥലത്തെത്തി. തിരച്ചിലിന് നേത്യത്വം കൊടുത്തു.
ഇതിനിടെയാണ് നാട്ടുകാർ തിരഞ്ഞ വീട്ടിലെ കുളിമുറിയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കുട്ടിയെ കണ്ടെത്തിയതായി വിവരം ലഭിച്ചത്. ഭയന്ന നിലയിലായിരുന്നു പെൺകുട്ടി. കുട്ടിയെ തിരയുന്നതിനിടെ സമീപത്തെ കാടു പിടിച്ച പ്രദേശത്ത് നിന്നും അന്യ സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടിയിരുന്നു. സമിപത്തെ താമസക്കാരനായതിനാൽ വിട്ടയക്കുകയായിരുന്നു. ഇയാളുടെ ചിത്രവും നാട്ടുകാർ പൊലിസിന് കൈമാറിയതായി സൂചനയുണ്ട്. സംഭവത്തിലെ ദുരുഹത നീക്കണമെന്നാവശ്യപെട്ട് നാട്ടുകാർ രംഗത്തെത്തി.