തിരുവനന്തപുരം: വിഴിഞ്ഞത്ത് കപ്പല്‍ സ്വീകരണ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും പദ്ധതിയുടെ ക്രെഡിറ്റിനെച്ചൊല്ലി പോര് കടുക്കുന്നു. ക്രെഡിറ്റ് ഉമ്മന്ചാണ്ടിക്കുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അവകാശം ഉന്നയിക്കുന്നു. തുറമുഖ നിര്‍മാണം പിണറായി വിജയന് സര്‍ക്കാരിന്റെ വിജയമാണെന്നു ഭരണകക്ഷികളും. പ്രതിപക്ഷ വിമര്‍ശനം ദുര്‍നിമിത്തമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്.
കപ്പല്‍ സ്വീകരണത്തിന്റെ ഭാഗമായി വിഴിഞ്ഞത്ത് സി.പി.എം വൈകിട്ട് സംഘടിപ്പിക്കുന്ന ആഹ്ലാദപ്രകടനത്തില് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ഉള്‍പ്പെടേയുള്ള നേതാക്കള്‍ പങ്കെടുക്കുക്കാനിരിക്കേ ആണ് ഭരണപ്രതിപക്ഷ പാര്കള്തമ്മിലുള്ള പോരടിക്കല് മുറുകുന്നത്.വിഴിഞ്ഞം തുറമുഖത്തിന്റെ ശില്പിയാര് എന്ന അവകാശവാദങ്ങളുമായി ഭരണ പ്രതിപക്ഷ നേതാക്കള്‍ ഒരുപോലെ സജീവം.
തുറമുഖനിര്‍മാണക്കരാര്‍ അദാനിക്ക് നല്‍കിയതിന് പിന്നാലെ എല്‍.ഡി.എഫ് ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ നല്കിയ ഈ മറുപടി ഉയര്‍ത്തിപ്പിടിച്ച് യു.ഡി.എഫ് ആണ് ക്രഡിറ്റ് തര്‍ക്കത്തിന് തുടക്കമിട്ടത്.
നാളെ നടക്കുന്ന കപ്പല്‍ സ്വീകരണം ആഘോഷമാക്കാന്‍ സര്‍ക്കാരും ഇടതുപക്ഷവും ഒരുങ്ങുമ്പോള്‍ ഉമ്മന്‍ചാണ്ടിയാണ് തുറമുഖത്തിന്റെ ശില്പിയെന്ന പ്രചാരണം കനപ്പിക്കുകയാണ് അവര്‍. ഉള്ളത് പറയുമ്പോള്‍ തുള്ളിയിട്ട് കാര്യമില്ലെന്നും ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫ് സര്‍ക്കാരിന്റേയും ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീഷന് പറഞ്ഞു.
5000 കോടിയുടെ പദ്ധതിയില്‍ 6000 കോടിയുടെ അഴിമതി ആരോപിച്ചയാളാണ് അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വിഴിഞ്ഞം പദ്ധതിക്ക് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കേണ്ടതെന്ന് രമേശ് ചെന്നിത്തല .