തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതി അഖില്‍ സജീവ് കുറ്റം സമ്മതിച്ചു. തട്ടിപ്പിലെ തന്റെ പങ്ക് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അഖില്‍ തുറന്നുപറയുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് അഖില്‍ സജീവ്. നേരത്തെ നാലാം പ്രതി ബാസിതും കുറ്റം സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
അഖില്‍ മാത്യുവിന്റെ പേര് ഹരിദാസനെ കൊണ്ട് പറയിച്ചത് താനാണെന്ന് ബാസിത് മൊഴി നല്കി. ഹരിദാസനില്‍ നിന്ന് പണം തട്ടുകയാണ് ലക്ഷ്യമെന്നും ബാസിത് പോലീസിനോട് സമ്മതിച്ചു. ഇതിനിടെ കേസില്‍ ഹരിദാസനെ സാക്ഷിയാക്കണോ പ്രതിയാക്കണോ എന്നതില്‍ പോലീസ് നിയമോപദേശം തേടിയിരുന്നു. ഇയാളെ നിലവില്‍ പ്രതിയാക്കേണ്ടെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം അന്തിമ തീരുമാനമെടുക്കും ഹരിദാസനില്‍ നിന്ന് മറ്റ് പ്രതികള്‍ പണം തട്ടിയെടുത്തതിനാല്‍ സാക്ഷിയാക്കി അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.
എഐഎസ്എഫിന്റെ മുന്‍ മലപ്പുറം ജില്ലാ സെക്രട്ടറിയാണ് ബാസിത്. ഹരിദാസില്‍ നിന്ന് ബാസിത് ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് ബാസിനെതിരെ പോലീസ് നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ട്. ലെനിന് രാജേന്ദ്രനും അഖില്‍ സജീവനും പണം നല്കാന് ഹരിദാസനോട് ആവശ്യപ്പെട്ടതും ബാസിതാണ്.