മുംബൈ : മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടത് 12 നവജാത ശിശുക്കൾ ഉൾപ്പെടെ 24 പേർ. മരുന്നുക്ഷാമം മൂലമാണ് ഇത്രയധികം മരണങ്ങൾ സംഭവിച്ചതെന്നാണ് സംഭവം നടന്ന ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രി അധികൃതർ പറയുന്നത്.
മരിച്ച 12 കുട്ടികളിൽ ആറ് പെൺകുട്ടികളും, ആറ് ആൺകുട്ടികളും ഉൾപ്പെടുന്നുവെന്ന് ആശുപത്രി ഡീൻ അറിയിച്ചു. പാമ്പുകടിയേറ്റതുൾപ്പെടെ വിവിധ ശാരീരിക അസ്വാസ്ഥ്യവുമായി എത്തിയവരാണ് മരണപ്പെട്ട മറ്റ് പന്ത്രണ്ട് പേരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രി കേവലമൊരു തൃതീയ തലത്തിലുള്ള പരിചരണ കേന്ദ്രം മാത്രമാണെന്നും, എന്നാൽ 70-80 കിലോമീറ്റർ ചുറ്റളവിലുള്ള ഒരേയൊരു ഹെൽത്ത് കെയർ സെന്റർ ആയതിനാൽ വിവിധ പ്രദേശങ്ങളിൽ നിന്ന് രോഗികൾ എത്താറുണ്ടെന്നും അദ്ദേഹം പറയുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം ചിലപ്പോൾ സ്ഥാപനത്തിന്റെ ബജറ്റിനേക്കാൾ കൂടുതലാണ്, അതുകൊണ്ടാണ് മരുന്നുകളുടെ ക്ഷാമം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ഒന്നിലധികം ആശുപത്രി ജീവനക്കാരെ സ്ഥലം മാറ്റിയതിനാൽ നടപടികൾ കൂടുതൽ ദുഷ്കരമായെന്നും അദ്ദേഹം പറയുന്നു.
ഹാഫ്കൈൻ എന്ന സ്ഥാപനത്തിൽ നിന്ന് ആശുപത്രിയിലേക്ക് മരുന്നുകൾ വാങ്ങേണ്ടതായിരുന്നു എങ്കിലും അത് നടന്നില്ലെന്നും ഡീൻ പറഞ്ഞു. പ്രാദേശിക തലത്തിലുള്ള ചെറിയ ഷോപ്പുകളിൽ നിന്ന് മരുന്നുകൾ വാങ്ങിയ ശേഷമാണ് രോഗികൾക്ക് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്ത പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമർശനവുമായി എൻസിപി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നു. “നന്ദേഡിലെ ഒരു സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിൽ 12 നവജാത ശിശുക്കൾ ഉൾപ്പെടെ 24 മരണങ്ങൾ സംഭവിച്ചത് മരുന്ന് വിതരണത്തിന്റെ അഭാവം മാത്രമല്ല. ഉത്സവങ്ങൾക്കും പരിപാടികൾക്കും പരസ്യം നൽകുന്ന സർക്കാരിനെ ഓർത്ത് ലജ്ജിക്കുന്നു.” എൻസിപി വക്താവ് വികാസ് ലവാൻഡെ തന്റെ എക്സ് പോസ്റ്റിലൂടെ പറഞ്ഞു.
ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദിയും ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചു. “ദയവായി അവയെ മരണങ്ങൾ എന്ന് വിളിക്കരുത്, ഇത് ഭരണഘടനാ വിരുദ്ധമായ സംസ്ഥാന സർക്കാരിന്റെ തികഞ്ഞ അവഗണന മൂലമുള്ള കൊലപാതകമാണ്. സംസ്ഥാനത്തെ സേവിക്കുക എന്ന അവരുടെ അടിസ്ഥാന കർത്തവ്യം അവർ മറന്നു” പ്രിയങ്ക ചതുർവേദി പറഞ്ഞു.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയോട് എൻസിപി വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും അവർ പറഞ്ഞു.