പാലക്കാട്: ആദിവാസി വിദ്യാര്‍ഥിനികളുടെ വസ്ത്രം മറ്റ് വിദ്യാര്‍ഥിനികളുടെ മുന്നില്‍വച്ച് അഴിപ്പിച്ചെന്ന് പരാതി.വിദ്യാര്‍ഥികളുടെ പരാതിയില്‍ അട്ടപ്പാടി ഷോളയൂര്‍ പ്രീ മെട്രിക് ഹോസ്റ്റലിലെ നാലുജീവനക്കാര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു.
ഹോസ്റ്റലില്‍ താമസിക്കുന്ന ചില കുട്ടികള്‍ക്ക് ചര്‍മരോഗം ഉണ്ടായിരുന്നതായും അത് പരിശോധിക്കാനെന്ന പേരില്‍ ഹോസ്റ്റലിലെ വനിത ജീവനക്കാര്‍ മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് വസ്ത്രം അഴിപ്പിക്കുകയായിരുന്നു എന്നാണ് ആദിവാസി വിദ്യാര്‍ഥികളുടെ പരാതി. ഹോസ്റ്റലില്‍ താമസിക്കുന്ന എട്ട് വിദ്യാര്‍ഥികളാണ് ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയത്. പരാതി നല്കിയ കുട്ടികള്‍ പതിനഞ്ച് വയസിന് താഴെയുള്ളവരാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കുട്ടികളുടെ പരാതി ഗൗവരമേറിയതാണെന്നും അന്വേഷണ ശേഷം കുറ്റക്കാരാണെന്ന് കണ്ടാല്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു. അതേസമയം, ഹോസ്റ്റലിലെ ചില കുട്ടികള്‍ക്ക് ചര്‍മ രോഗം ഉണ്ടായിരുന്ന സാഹചര്യത്തില്‍ മറ്റ് കുട്ടികളിലേക്ക് പകരാതിരിക്കാന്‍ വസ്ത്രങ്ങള്‍ കൈമാറരുതെന്നും അവരുവരുടെ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് ജീവനക്കാര്‍ പറഞ്ഞു. കുട്ടികളുടെ പരാതിയില്‍ പറയുന്നതുപോലെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നുമാണ് ജീവനക്കാരുടെ പ്രതികരണം.