കൊച്ചി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് എസി മൊയ്തീൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ല. ഇന്നും നാളെയും ഹാജരാവാൻ കഴിയില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ എസി മൊയ്തീൻ ഇഡിയെ അറിയിച്ചു. നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണമെന്നാണ് കാരണമായി ഇഡിയെ അറിയിച്ചിരിക്കുന്നത്.
എസി മൊയ്തീൻ ഇന്നലെ രാത്രി തന്നെ വീട്ടിൽ നിന്ന് പോയെന്ന് ബന്ധുക്കൾ രാവിലെ അറിയിച്ചിരുന്നു. കൊച്ചിയിൽ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജരാകുമെന്നാണ് കരുതിയത്. എന്നാൽ ഹാജരാകാൻ കഴിയില്ലെന്നാണ് മൊയ്തീൻ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ സഹകരണ ബാങ്കുകളിൽ ഇഡി നടത്തിയ റെയ്ഡ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ പൂർത്തിയായി. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ ബിനാമി ഇടപാടുകളുള്ള അയ്യന്തോള്‍ സഹകരണ ബാങ്ക്, തൃശൂര്‍ സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ പരിശോധന 17 മണിക്കൂറിലധികമാണ് നീണ്ടത്.
തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവുമായ എംകെ കണ്ണനെ വിളിച്ചുവരുത്തി, ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. റെയ്ഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ഇഡി പരിശോധനയ്ക്ക് ശേഷം കണ്ണൻ പ്രതികരിച്ചു.
ഇ ഡി ബാങ്കിലെ അക്കൗണ്ടിലെ വിവരങ്ങൾ തേടുകയാണ് ചെയ്തതെന്ന് കണ്ണൻ പറഞ്ഞു. സതീശന്റെ അക്കൗണ്ടുകളുടെ വിവരങ്ങൾ തേടിയെന്നും അയ്യായിരത്തിലധികം അക്കൗണ്ടുകളുടെ വിവരങ്ങൾ ഇ ഡി കൊണ്ടു പോയെന്നും അദ്ദേഹം വിശദീകരിച്ചു. തന്നോട് ബാങ്കിലെത്താൻ ഇ ഡി ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വന്നത്. തൃശൂര്‍ സഹകരണ ബാങ്കിൽ സതീശന് ചെറിയ നിക്ഷേപങ്ങൾ മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.