ഡല്‍ഹി : ഫെനി ബാലകൃഷ്ണനെ പരിചയമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. പത്രങ്ങളില്‍ വന്നിരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഫെനിക്ക് പിന്നില്‍ ആരോ ഉണ്ടെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്തോ ഉദ്ദേശമുണ്ടെന്നും ഇ.പി ജയരാജന് പറഞ്ഞു. ‘പാര്‍ട്ടി സമ്മേളനത്തിനും പിണറായി നയിച്ചിരുന്ന പഴയ ജാഥ നടക്കുമ്പോഴും മാത്രമാണ് ആകെ കൊല്ലം ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നത്. പിന്നീട് കൊല്ലം ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ മുറിയെടുക്കുകയോ താമസിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് തോന്നുന്നത് എന്തോ ചില ഉദ്ദേശം, ആരോ അതിന് പിന്നലുണ്ട്.
തികച്ചും അടിസ്ഥാനരഹിതമാണത്- ഇപി പറഞ്ഞു. ഫെനി ബാലകൃഷ്ണന് എനിക്ക് പരിചയമോ ബന്ധമോ ഉള്ള ആളല്ല. ഉന്നതമായ രാഷ്ട്രീയ നിലവാരം കാത്ത് സൂക്ഷിക്കുന്നവരാണ് തങ്ങളെന്നും അത് തുടരാന്‍ സഹായിക്കണമെന്നും ഇപി മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു. കോണ്‍ഗ്രസിനകത്ത് ശക്തമായ രണ്ട് ചേരികളുണ്ട്. ആ ഗ്രൂപ്പിന്റെ മല്‍സരമായി ഇത്തരം പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിച്ച് മണ്മറഞ്ഞ് പോയ നേതാവിനെ കീറി മുറിച്ച് ചര്‍ച്ച ചെയ്യുന്നത് തെറ്റാണ്. ആ പ്രവണതകളില്‍ നിന്ന് യുഡിഎഫ് പിന്തിരിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ഇടതുപക്ഷ മുന്നണി അതിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള തിരക്കിലാണ്. ആ സമയം അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലേക്ക് തിരിച്ച് വിടരുതെന്നും ഇപി ആവശ്യപ്പെട്ടു. ഇ.പി ജയരാജന് തന്നെ കാറില്‍ കൊല്ലത്തെ ഗസ്റ്റ് ഹൗസിലേക്കു കൊണ്ടുപോയെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഫെനി അവകാശപ്പെട്ടിരുന്നു.