ഓള് ഇന്ത്യാപെര്‍മിറ്റ് ദുരുപയോഗം ചെയ്ത് റൂട്ട്ബസായി ഓടുന്നത് തടയാന്‍ മോട്ടോര്‍വാഹനവകുപ്പ് പ്രത്യേക പരിശോധന തുടങ്ങിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു. രണ്ടുമാസത്തേക്ക് കര്‍ശന പരിശോധന നടത്താനും ക്രമക്കേടുള്ള വാഹനങ്ങള്‍ക്കെതിരേ നടപടി എടുക്കാനും മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു.
വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് കേന്ദ്രം നല്കുന്ന പെര്‍മിറ്റ് ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലന്നും അദ്ധേഹം പറഞ്ഞു. വിനോദസഞ്ചാരികളെ ഒരു സംസ്ഥാനത്തുനിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനാണ് ഈ സംവിധാനം. പ്രത്യേകം ടിക്കറ്റ് നല്കി റൂട്ട് ബസുപോലെ ഓടിക്കാന്‍ അനുമതിയില്ല.
മന്ത്രി പറഞ്ഞത്
വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കിയാണ് ഓള് ഇന്ത്യ ടൂറിസ്റ്റ് ബസ് പെര്മറ്റുകള് നല്‍കുന്നത്. ഈ വിജ്ഞാപനത്തിന്റെ പേരില്‍ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേജ് കാര്യേജ് ബസുകളായി ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. മോട്ടോര്‍ വാഹന നിയമമനുസരിച്ച് കോണ്‍ട്രാക്ട് കാര്യേജ്, സ്റ്റേജ് കാര്യേജ് എന്നീ രണ്ട് സര്‍വീസ് ബസുകള്‍ മാത്രമാണുള്ളത്. ഇവയുടെ ഉപയോഗവും രണ്ട് രീതിയിലാണെന്ന് നിര്‍വചിക്കുന്നുമുണ്ട്.
ഈ നിയമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ ഉടമകള്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് മന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇതിനുപുറമെ, നിയമലംഘനം നടത്തി ഓടുന്ന ബസുകള്‍ പിടിച്ചെടുക്കുമ്പോള്‍ അതിലെ യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇത്തരം വാഹനങ്ങളുടെ ഉടമകള്‍ക്ക് മാത്രമായിരിക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
വിജ്ഞാപനത്തിന്റെ പേരില്‍ നടത്തുന്ന നിയമലംഘനം സ്വകാര്യ സ്റ്റേജ് കാര്യേജ്, കെ.എസ്.ആര്.ടി.സി. ബസുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. സംസ്ഥാനത്ത് പൊതു-സ്വകാര്യ മേഖലകളിലെ സ്റ്റേജ് കാര്യേജുകളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ട്. ഇവരുടെ തൊഴിലിനെ ബാധിക്കുന്ന വിധം നടത്തുന്ന നിയമലംഘനങ്ങള്‍ അനുവദിക്കില്ലെന്നും ഇത് തടയുന്നതിനായി സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തില്‍ പ്രത്യേക പരിശോധന നടത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.
യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത്, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കര്‍, നിയമ വിദഗ്ധര്‍, ഗതാഗത-മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.