കൊച്ചി : ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയുമായ പി.പി.മുകുന്ദന് (78) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോഴായിരുന്നു അന്ത്യം. കണ്ണൂര്‍ കൊട്ടിയൂര്‍ കൊളങ്ങരയത്ത് തറവാട്ടില്‍ കൃഷ്ണന് നായരുടെയും കല്യാണിയമ്മയുടെയും രണ്ടാമത്തെ പുത്രനായി 1946 ഡിസംബര്‍ 9 നാണ് പി.പി.മുകുന്ദന് ജനിച്ചത്. മണത്തല യുപി സ്കൂള്‍, പേരാവൂര്‍ സെന്റ് ജോസഫ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹൈസ്കൂള്‍ പഠനകാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ ആകൃഷ്ടനാകുന്നത്. മണത്തലയില്‍ ആര്‍എസ്എസ് ശാഖ ആരംഭിച്ചപ്പോള്‍ സ്വയംസേവകനായി. 1965 ല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രചാരകനായി. 1967 ല്‍ ചെങ്ങന്നൂര്‍ താലൂക്ക് പ്രചാരകനായി. 1972 ല്‍ തൃശൂര്‍ ജില്ലാ പ്രചാരകനായും പ്രവര്‍ത്തിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് ജില്ലാ പ്രചാരകനായിരുന്ന മുകുന്ദന് അറസ്റ്റിലായി. 21 മാസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു. അടിയന്തരാവസ്ഥ പിന്‍വലിച്ച് രണ്ടു മാസത്തിനുശേഷം ജയില്‍ മോചിതനായ മുകുന്ദന് കോഴിക്കോടും തിരുവനന്തപുരത്തും വിഭാഗ് പ്രചാരകനായും പ്രാന്തീയ സമ്പര്‍ക്ക പ്രമുഖായും കാല്‍നൂറ്റാണ്ടു കാലം പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയില്‍ നടത്തിയ ഹിന്ദുസംഗമത്തോടു കൂടിയാണ് പി.പി.മുകുന്ദന് മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 1991ല്‍ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയായി. 2004 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1991 ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കോണ്‍ഗ്രസും മുസ്ലിം ലീഗുമായി ബിജെപി ധാരണയുണ്ടാക്കിയപ്പോള്‍ അതിന്റെ മുന്‍നിരയില്‍ മുകുന്ദനുണ്ടായിരുന്നു.
രാഷ്ട്രീയ എതിരാളികളടക്കമുള്ളവരുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന മുകുന്ദന് കെ.കരുണാകരന്, പന്ന്യന്‍ രവീന്ദ്രന് തുടങ്ങിയവരുമായി സൗഹൃദമുണ്ടായിരുന്നു. ”മറ്റു പാര്‍ട്ടികളില്‍ പെട്ടവര്‍ നമ്മുടെ ശത്രുക്കളല്ല, രാഷ്ട്രീയ പ്രതിയോഗികളാണ്. ഇന്നത്തെ കമ്യൂണിസ്റ്റുകാരന് നാളത്തെ ബിജെപിക്കാരനാകും എന്ന മനസ്സോടെയാണ് അവരെയും സമീപിക്കേണ്ടത്.” എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
2004ല്‍ കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, ആന്‍ഡമാന്‍ നിക്കോബര്‍ എന്നീ പ്രദേശങ്ങളുടെ ചുമതലയുള്ള മേഖലാ സംഘടനാ സെക്രട്ടറിയായി. പാര്‍ട്ടി പ്രവര്‍ത്തനത്തിനൊപ്പം മറ്റു സംഘടനകളിലും സജീവമായി. ഡോക്ടര്‍ കേശവ ബലറാം ഹെഡ്ഗേവാര്‍ ജന്മശതാബ്ദി ചാരിറ്റബിള്‍ ട്രസ്റ്റ് അംഗമായും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭസമിതി ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
1988 മുതല്‍ 1995 വരെ ബിജെപി മുഖപത്രം ജന്മഭൂമിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. പില്ക്കാലത്ത് ബിജെപിയുടെ സജീവ പ്രവര്‍ത്തനത്തില്‍നിന്നു മാറിനിന്നപ്പോഴും ആര്‍എസ്എസ് നേതൃത്വവുമായി അകല്‍ച്ചയിലാണെന്നു വാര്‍ത്തകള്‍ വന്നപ്പോഴും, താന്‍ അടിയുറച്ച ആര്‍എസ്എസുകാരനാണെന്നായിരുന്നു മുകുന്ദന്റെ നിലപാട്. 2006 നു ശേഷം സജീവ രാഷ്ട്രീയത്തില്‍നിന്ന് മാറിനിന്ന മുകുന്ദന്, 2022 ഓടെ ബിജെപിയിലേക്ക് തിരികെയെത്തി. പൊതുപ്രവര്‍ത്തക മികവിനുള്ള നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവിവാഹിതനാണ്. പി.പി.ചന്ദ്രന്, പി.പി.ഗണേശന്, പരേതനായ കുഞ്ഞിരാമന് എന്നിവര്‍ സഹോദരങ്ങളാണ്.