തൊടുപുഴ: ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജിന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതി നിഖില്‍ പൈലിക്ക് അറസ്റ്റ് വാറണ്ട്.തൊടുപുഴ കോടതിയാണ് നിഖില്‍ പൈലിക്കായുള്ള അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്ന ദിവസം കോടതിയില്‍ ഹാജരാകാത്തതിനാലാണ് നടപടി. നിഖില്‍ പൈലിയെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിടാൻ പൊലീസിന് നിര്‍ദേശം നല്കി.
കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായി കേസ് അടുത്ത മാസം നാലിലേക്ക് മാറ്റി. അതേസമയം അറസ്റ്റ് വാറണ്ട് നില നില്‍ക്കെയാണ് നിഖില്‍ പൈലി പുതുപ്പള്ളിയില്‍ പ്രചാരണത്തിനെത്തിയത്. കൊലക്കേസ് പ്രതി, ചാണ്ടി ഉമ്മന്റെ പ്രചാരണത്തിനെത്തിയത് പുതുപ്പള്ളിയില്‍ ഡിവൈഎഫ്ഐ ആയുധമാക്കിയിരുന്നു. ധീരജ് കൊലക്കേസ് പ്രതിയായ നിഖില്‍ പൈലിയെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തിയത് ഖേദകരമാണെന്ന് ഡിവൈഎഫ്ഐ ഇന്നലെ പറഞ്ഞിരുന്നു.
അതേസമയം, വാടിക്കല്‍ രാമകൃഷ്ണൻ കൊലപാതക കേസിലെ ഒന്നാംപ്രതി പിണറായി വിജയന് ജെയ്ക്കിന് വേണ്ടി തെരഞ്ഞെടുപ്പ് കണ്വെൻഷന് വരാമെങ്കില്‍ തനിക്ക് പങ്കെടുക്കാമെന്നായിരുന്നു ഇതുസംബന്ധിച്ച് നിഖില്‍ പൈലിയുടെ പ്രതികരണം. പിണറായി വിജയനെയും എം എം മണിയേയും പി ജയരാജനെയും വീട്ടിലിരുത്തിയിട്ട് പോരെ കോണ്‍ഗ്രസിനെ ഉപദേശിക്കാശനെന്നും നിഖില്‍ പൈലി പറഞ്ഞിരുന്നു.