തൃശൂര്‍ : ഗര്‍ര്‍ര്‍ര്‍ര്‍ര്‍…അരമണികൊട്ടി കുമ്പ കുലുക്കി പൂരനഗരിയില്‍ പുലിയിറങ്ങി. കരിമ്പുലിയും പുള്ളിപ്പുലിയും വരയന്‍ പുലിയും തൃശൂര്‍ നഗരത്തില്‍ ആരവങ്ങള്‍ തീര്‍ത്തു. 250 പുലികള്‍ ഉശിരോടെ ചുവടുവച്ചു. അഞ്ചു ദേശങ്ങള്‍ വീറും വാശിയും വിടാതെ മല്‍സരിച്ച് കളിച്ചതോടെ കാഴ്ചക്കാരുടെയും മനം നിറഞ്ഞു. വൈകിട്ട് അഞ്ചരയോടെ പുലിക്കൂട്ടം സ്വരാജ് റൗണ്ടിലേയ്ക്ക് പ്രവേശിച്ചത്. പുലികളി രാത്രി എട്ടുവരെ നീളും. നടുവിലാലില്‍ തേങ്ങയുടച്ചായിരുന്നു പുലിക്കളി സംഘങ്ങള്‍ സ്വരാജ് റൗണ്ടിനെ താളമേള ചുവടുകള്‍ കൊണ്ട് സമ്പന്നമാക്കിയത്.
വരയന്‍ പുലി മുതല്‍ കരിമ്പുലി വരെ. 250ല്‍ ഏറെ പുലികള്‍ നിരത്തുകള്‍ കീഴടക്കി. അയ്യന്തോളും പൂങ്കുന്നം ശക്തന് നഗറും വിയ്യൂരും കാനാട്ടുകരയുമെല്ലാം പുലിമടകളായി മാറി. ഇരുപത്തിയഞ്ചിലേറെ നിശ്ചല ദൃശ്യങ്ങള്‍ പുലിക്കളി സംഘങ്ങള്‍ക്ക് അകമ്പടിയേകുന്നു. രാത്രി എട്ടു മണിയോടെ സമാപനമാകും. മികച്ച പുലിക്കളി സംഘത്തിന് ലഭിക്കുന്നത് എട്ടടി ഉയരമുള്ള കപ്പാണ് .