മൂവാറ്റുപുഴ: കിടപ്പു രോഗികള്‍ക്കായി വരുമാനത്തിന്റെ വിഹിതം നല്കി അവകാശികളിലെ അണിയറ പ്രവര്‍ത്തകര്‍. കിടപ്പു രോഗികള്‍ക്കും ആരോഗ്യ പ്രശ്നത്താല്‍ ജീവിത പ്രയാസം നേരിടുന്നവര്‍ക്കായി വരുമാനത്തിന്റെ 20% മാറ്റി വച്ചിരിക്കുകയാണ് കഴിഞ്ഞ ആഴ്ച ഒറ്റിറ്റിയില്‍ എത്തിയ അവകാശികള്‍ എന്ന സിനിമയുടെ സംഘാടകര്‍. വിവിധ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് സിനിമ ഐസ്ട്രീം ഒടിടി പ്ലാറ്റ്ഫോമില്‍ എത്തിയത്.
ചലച്ചിത്ര അക്കാഡമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എന്‍.അരുണ്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത് റിയല്‍ വ്യു ക്രിയേഷന്‍സാണ്.
ഇര്‍ഷാദ്, ടി.ജി രവി, ബേസില്‍ പാമ, ജയരാജ് വാര്യര്‍ , സോഹന്‍ സീനു ലാല്‍, , വിഷ്ണു വിനയ് , എം എ നിഷാദ് , അനൂപ് ചന്ദ്രന്, സാജു നവോദയ , അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരന്, ജോയ് വാല്‍ക്കണ്ണാടി, ബിന്ദു അനീഷ് എന്നിവര്‍ക്കൊപ്പം നിരവധി ആസാമി നാടക കലാകാരന്മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. റഫീഖ് അഹമ്മദ് , പര്‍വതി ചന്ദ്രന് എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മിനീഷ് തമ്പാനാണ്. വിനു പട്ടാട്ട് , ആയില്യന്‍ കരുണാകരന് എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
എഡിറ്റിങ് അഖില്‍ എ ആര് ഉം ആര്‍എല്‍വി അജയ് കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.
വിവിധ ചാരിറ്റി സ്ഥാപനങ്ങള്‍ വഴിയാണ് സിനിമയുടെ സംഘാടകര്‍ വസ്ത്രങ്ങളും മരുന്നുകളും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്യുന്നത്. മൂവാറ്റുപുഴ തണല്‍ പാലിയേറ്റീവ് സെന്ററില്‍ സംവിധായകന് എന്‍.അരുണ്‍ തണല്‍ ചെയര്മാന് സി.എ ബാവാ ഹാജിക്ക് കൈമാറി എക്സികൂട്ടീവ് പ്രൊഡ്യൂസര്‍ ബിബിന്‍ ജോര്‍ജ് , നാസര്‍ ഹമീദ് , കെ.എം.എ കരീം , റ്റി.യു അന്‍വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.