മൂവാറ്റുപുഴ: നിര്‍മ്മല കോളേജ് കവാടത്തില്‍ തുടര്‍ച്ചയായി അപകടം ഉണ്ടാകുന്നതായി ലഭിച്ച പരാതിയെ തുടര്‍ന്ന് താത്ക്കാലിക ഗതാഗത പരിഷ്ക്കാരം നടപ്പിലാക്കാന്‍ തീരുമാനമായി.കവാടത്തില്‍ നിന്ന് ഇരുവശത്തേക്കും 30 മീറ്റര്‍ അകലെ ബസ് സ്റ്റോപ്പ് മാറ്റുന്നതിനും കോളേജില്‍ നിന്ന് പുറത്തേക്ക് വരുന്ന കുട്ടികള്‍ക്ക് കാല്‍നട സഞ്ചാരത്തിന് ഉതകുന്ന തരത്തില്‍ റോഡിന്റെ സൈഡിലൂടെ ബസ് സ്റ്റോപ്പിലേക്ക് സഞ്ചരിക്കുന്നതിന് നടവഴി നിര്‍മ്മിക്കുന്നതിനും കോളേജ് പ്രവര്‍ത്തനാരംഭ സമയത്തും പ്രവര്‍ത്തനം അവസാനിക്കുന്ന സമയത്തും മുന്നിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ വേഗത കവാടത്തിന് സമീപം കുറയ്ക്കുന്നതിനും ആവശ്യമായ ക്രമീകരണം ചെയ്യുന്നതിനും തീരുമാനമായി.
തുടര്‍ച്ചയായി അപകടം ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെടുത്തി കോളേജ് അധികൃതര്‍ ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ആവശ്യമായ നടപടി എടുക്കുന്നതിന് മൂവാറ്റുപുഴ തഹസില്‍ദാരെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേര്‍ത്താണ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.
പോലീസിന്റെ സഹായത്തോടെ കോളേജിലെ എന്‍ സി സി കേഡറ്റുകള്‍ക്ക് ആവശ്യമായ പരിശീലനം നല്കി ഗതാഗതം നിയന്ത്രിക്കാന്‍ യോഗം തീരുമാനിച്ചു. ഉടന്‍ തന്നെ ബസ് സ്റ്റോപ്പിനോട് ചേര്‍ന്ന് അപകട സൂചന നല്കുന്ന ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും കാഴ്ച്ച മറയുന്ന തരത്തിലുള്ള ബോര്‍ഡുകള്‍, പരസ്യങ്ങള്‍, വൃക്ഷങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നതിനും തീരുമാനമായി. തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പിഡബ്ല്യുഡി (റോഡ്സ്) അസിസ്റ്റന്റ് എഞ്ചിനീയര്‍ ജൂലിന്‍ ജോസഫ്, മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍ സിബി മോന് ഉണ്ണി, മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് പി ആര് ഒ സിബി അച്ചുതന്, ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ്, ആവോലി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി.എ. മനോജ്, നിര്‍മ്മല കോളേജ് പ്രിന്‍സിപ്പാള്‍ കെ.വി. തോമസ്., ഫാദര്‍ ജോസ് പുള്ളോപ്പിള്ളില്‍, ഫാദര്‍. ജസ്റ്റിന്.കെ. കുര്യാക്കോസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ മോന്‍സി ചെറിയാന്, വില്ലേജ് ഓഫീസര്‍ റ്റി.ആര് ചന്ദ്രസേനന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.