തിരുവനന്തപുരം: മകള്‍ക്ക് മാസപ്പടി ലഭിച്ചെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയണമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട കമ്പനിയില്‍ നിന്ന് ഏത് പശ്ചാത്തലത്തിലാണ് മകള്‍ വീണ വിജയന് ഇത്രയധികം തുക വാങ്ങിയെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാത്യുകുഴല്നാടന് പറഞ്ഞത്
വീണയുടെ കമ്പനിയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടിയില്ല. നിയമസഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രി വെല്ലുവിളിയും ആക്രോശവും നടത്തി ചോദ്യത്തില്‍ നിന്ന് ഒളിച്ചോടി. പിണറായിയുടെ മകള്‍ വ്യക്തിപരമായി പണം വാങ്ങി. കമ്പനിക്ക് പണം വാങ്ങാം. എന്നാല്‍, വീണ എന്ന വ്യക്തിക്ക് എങ്ങനെ പണം വാങ്ങാനാകും? ഏതു പശ്ചാത്തലത്തിലാണ് പണം വാങ്ങിയതെന്ന് മുഖ്യമന്ത്രി മറുപടി പറയണം. അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണം. കേരളത്തില്‍ നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവല്കരിക്കപ്പെട്ട അഴിമതിയുമാണെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
വീണ വിജയന് മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി നല്കി എന്നാണ് പുറന്നുവന്നിരിക്കുന്ന ആരോപണം. സേവനം നല്‍കാതെ പണം നല്‍കിയെന്നാണ് വിവാദമായ കണ്ടെത്തല്‍. നേരത്തെയും നിയമസഭയില്‍ വീണയുടെ സ്ഥാപനത്തിന്റെ ഇടപാട് ചര്‍ച്ചയായിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മകള്‍ നേരിട്ട് ഒരു സ്വകാര്യ കരിമണല്‍ കമ്പനിയില്‍നിന്ന് പണം വാങ്ങിയെന്നതിന്റെ രേഖകള്‍ അടക്കമാണ് പുറത്തുവന്നത്. നിയമവിരുദ്ധ ഇടപാടാണെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തിയതോടെ ഇത് ആരോപണമെന്ന് പറഞ്ഞ് നിഷേധിക്കാനാവില്ലെന്നും മാത്യു കുഴല്നാടന് പറഞ്ഞു. ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടണം: മുരളീധരന്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസഹമന്ത്രി വി. മുരളീധരന്. എന്ത് അടിസ്ഥാനത്തിലാണ് അവര്‍ക്ക് മാസംതോറും എട്ട് ലക്ഷം രൂപ ലഭിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രമുഖനായ ഒരു വ്യക്തിയുമായിട്ടുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പണം ലഭിച്ചതെന്നാണ് ആദായ നികുതി വകുപ്പ് നല്കുന്ന വിശദീകരണം. വീണ വിജയന് ഒരു തരത്തിലുള്ള സേവനങ്ങളും നല്‍കിയതായി കമ്പനി അധികൃതര്‍ വകുപ്പിനോട് സൂചിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.