തിരുവനന്തപുരം: സംസ്ഥാനത്ത് അപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു. ക്യാമറകളുടെ പ്രതിമാസ അവലോകനത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമറാ ഘടിപ്പിച്ചതോടെ അപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞെന്നും മന്ത്രി പറഞ്ഞു
2022 ജൂലൈ മാസത്തില്‍ സംസ്ഥാനത്ത് 3316 റോഡ് അപകടങ്ങളില്‍ നിന്ന് 313 പേര്‍ക്ക് ജീവൻ നഷ്ടമായി. എന്നാൽ എ.ഐ. ക്യാമറ സ്ഥാപിച്ച് രണ്ടാം മാസമായ 2023 ജൂലൈയിൽ സംസ്ഥാനത്ത് 1201 റോഡപകടങ്ങളില്‍ 67 പേരാണ് മരണപ്പെട്ടതെന്ന് ആന്റണി രാജു പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യംചെയ്യുമ്പോള്‍ അപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. റോഡപകടങ്ങളിൽ പരിക്കുപറ്റിയവർ ആശുപത്രികളിലുള്ളതിനാൽ മരണത്തിന്റെ എണ്ണത്തില്‍ ഇനിയും വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്. ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ച് ആദ്യ മാസങ്ങളിൽ തന്നെ നിരവധി വിലപ്പെട്ട ജീവന് രക്ഷിക്കാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു.
പരാതികൾ ഓൺലൈനായി സമർപ്പിക്കാനുള്ള കംപ്ലയിന്റ് റിഡ്രസല്‍ ആപ്ലിക്കേഷന്‍ സെപ്റ്റംബർ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 1994 മുതല്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണ്. ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും ക്യാബിന് യാത്രക്കാര്‍ക്കും സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് കർശനമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി പറഞ്ഞത്
ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ അഞ്ച് മുതൽ ഓഗസ്റ്റ് രണ്ടു വരെ 32,42,277 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 15,83,367എണ്ണം വെരിഫൈ ചെയ്തിട്ടുണ്ട്. 3,82,580 എണ്ണങ്ങളുടെ ചെല്ലാനുകൾ തയ്യാറാക്കിയതായും 3,23,604 എണ്ണം തപാലിൽ അയച്ചതായും മന്ത്രി പറഞ്ഞു. നടപടികൾക്കായി കൂടുതല്‍ ജീവനക്കാരെ നിയമിച്ചിനാൽ കഴിഞ്ഞ മാസത്തിനേക്കാൾ നിയമ ലംഘനങ്ങളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളോടിച്ച 2,21,25 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സഹയാത്രികർ ഹെൽമെറ്റ് ധരിക്കാത്ത 1,50,606 കേസുകളും കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്ത 1,86,673 കേസുകളും കണ്ടെത്തി. കാർ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്- 1,70,043, മൊബൈൽ ഫോൺ ഉപയോഗം 6,118, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ യാത്ര 5,886 തുടങ്ങിയവയാണ് ജൂണ്‍ അഞ്ച് മുതൽ ഓഗസ്റ്റ് രണ്ടുവരെ വരെ കണ്ടെത്തിയ മറ്റ് നിയമലംഘനങ്ങൾ.
25 കോടി 81 ലക്ഷം രൂപയുടെ ചെല്ലാൻ തയ്യാറാക്കിയെങ്കിലും ഇതുവരെ മൂന്നു കോടി 37 ലക്ഷം രൂപ മാത്രമേ പിഴ ലഭിച്ചിട്ടുള്ളൂ. പ്രതിവർഷം ഇൻഷുറൻസ് പുതുക്കുന്നതിനു മുന്‍പ് ഗതാഗത നിയമ ലംഘനങ്ങളുടെ പിഴത്തുകയും അടയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുവാൻ ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.